Articles
ഒരു ജാമ്യവും ജനാധിപത്യ പ്രതീക്ഷകളും
കെജ്്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച വിധി ജനാധിപത്യത്തിന്റെ ഒരു വിജയമായി തന്നെ കാണണം. ഏറ്റവും ചുരുങ്ങിയത് ഒരു പ്രതീക്ഷയെങ്കിലുമാണ്. ഈ വിധിക്ക് നിരവധി നിയമപരമായ മാനങ്ങള്‍ ഉണ്ട്. എന്നാല്‍ അതിലേറെ പ്രധാനമാണ് ഇതിന്റെ രാഷ്ട്രീയ മാനങ്ങള്‍. കോടതി ഇക്കാര്യത്തില്‍ ഭരണഘടനയുടെ ഉന്നത മൂല്യങ്ങളാണ് പ്രാഥമികമായി പരിഗണിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 21ന് മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച വിധി ജനാധിപത്യത്തിന്റെ ഒരു വിജയമായി തന്നെ കാണണം. ഏറ്റവും ചുരുങ്ങിയത് ഒരു പ്രതീക്ഷയെങ്കിലുമാണ്. ഈ വിധിക്ക് നിരവധി നിയമപരമായ മാനങ്ങള്‍ ഉണ്ട്. എന്നാല്‍ അതിലേറെ പ്രധാനമാണ് ഇതിന്റെ രാഷ്ട്രീയ മാനങ്ങള്‍. കോടതി ഇക്കാര്യത്തില്‍ ഭരണഘടനയുടെ ഉന്നത മൂല്യങ്ങളാണ് പ്രാഥമികമായി പരിഗണിച്ചത്. 50 ദിവസത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ജാമ്യം. 2022 ആഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാണ് പരാതിക്കാരന്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകളനുസരിച്ചാണ് കേസ്. ഈ കേസില്‍ സി ബി ഐയും ഉള്‍പ്പെടുന്നുണ്ട്. കേസ് കെട്ടിച്ചമച്ചതാണ്, തള്ളിക്കളയണം എന്നാണ് കെജ്്രിവാള്‍ ഉന്നയിക്കുന്ന വാദം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇനിയും സമയമെടുക്കും എന്ന് കണ്ട കോടതി വളരെ നിര്‍ണായകമായ ചില നിരീക്ഷണങ്ങളാണ് നടത്തുന്നത്. കെജ്്രിവാള്‍ ഒരു കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. വാദങ്ങള്‍ക്കിടയില്‍ കോടതി തന്നെയാണ് ഇടക്കാല ജാമ്യത്തിന്റെ വിഷയം ഉന്നയിച്ചത്. ഈ ഘട്ടത്തില്‍ കെജ്്രിവാളിന്റെ അഭിഭാഷകന്‍ അതിനോട് യോജിക്കുകയായിരുന്നു.
എന്താകും ഇതിന്റെ ഫലം?
വിധിക്കാധാരമായ നിയമ വിഷയങ്ങളിലേക്ക് വരുന്നതിനു മുമ്പ് ഇതിന്റെ അടിയന്തര രാഷ്ട്രീയ പ്രാധാന്യം പരിശോധിക്കണം. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ ജയപ്രകാശ് നാരായണന്‍ പറഞ്ഞ “വിനാശകാലേ വിപരീത ബുദ്ധി’ എന്ന അഭിപ്രായമാണ് ഇവിടെ പ്രസക്തമാകുന്നത്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഭരണകക്ഷിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന് അവര്‍ തന്നെ തിരിച്ചറിയുന്നു. രാമക്ഷേത്ര നിര്‍മാണവും സി എ എയും സിവില്‍ കോഡും ഒന്നും ഏല്‍ക്കുന്നില്ലെന്നും മോദിപ്രഭാവം തീരെ കുറഞ്ഞു പോയെന്നും അദ്ദേഹത്തിന്റെ ഗ്യാരന്റികളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കാണുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് മുതല്‍ കൊവിഡ് വാക്സീന്‍ വരെയുള്ള വിവാദങ്ങള്‍ തിരിച്ചടിയാകുന്നു. രാമക്ഷേത്രത്തേക്കാള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാകുന്നു.
കെജ്്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി “ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാകുകയും ഡല്‍ഹി, ഹരിയാന, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെയും പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെയും സഖ്യകക്ഷിയാകുകയും ചെയ്തു. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും അവര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള “ഇന്ത്യ’ മുന്നണിയെ പരസ്യമായി പിന്തുണക്കുന്നു. പലയിടത്തും കേവലം വോട്ടിന്റെ കണക്കിനപ്പുറം ഇവരുടെ പിന്തുണ “ഇന്ത്യ’ സഖ്യത്തിന് ധാര്‍മികമായി ഗുണകരമാണ്. കര്‍ഷക സമരത്തിന്റെ കുരുക്ഷേത്ര ഭൂമിയായ ഹരിയാന കെജ്്രിവാളിന്റെ സംസ്ഥാനം കൂടിയാണ്. അവിടുത്തെ ബി ജെ പി സര്‍ക്കാര്‍ തന്നെ കടുത്ത പ്രതിസന്ധിയിലാണ്. 2019ല്‍ ഹരിയാനയിലും ഡല്‍ഹിയിലും എല്ലാ സീറ്റുകളും നേടിയ ബി ജെ പിക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടാനുള്ള സാഹചര്യമില്ലെന്നാണ് സൂചനകള്‍. പഞ്ചാബില്‍ അകാലിദളുമായുള്ള സഖ്യം പൊളിഞ്ഞതോടെ അവിടെയും രക്ഷയില്ല. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ അവിടെ പ്രചാരണത്തിനെത്താന്‍ കെജ്‌രിവാളിന് കഴിഞ്ഞില്ലെന്നു മാത്രം ബി ജെ പിക്ക് ആശ്വസിക്കാം. പക്ഷേ ജയിലഴികള്‍ക്കുള്ളില്‍ കിടക്കുന്ന കെജ്്രിവാളിന്റെ ചിത്രം അവിടെയും ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കാമെന്ന് കരുതുന്നു. കഴിഞ്ഞ തവണ കിട്ടിയ സീറ്റുകള്‍ ഗുജറാത്തിലും കിട്ടാന്‍ സാധ്യതയില്ല. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് പുറമെ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്ക് വലിയ ശക്തിയാകും കെജ്്രിവാള്‍ എന്ന് തീര്‍ച്ചയാണ്.
എന്നാല്‍ അതിനെല്ലാം ഉപരിയാണ് കെജ്രിവാളിന്റെ അറസ്റ്റ് വഴി “ഇന്ത്യ’ മുന്നണിക്കുണ്ടായ നേട്ടങ്ങള്‍. മുന്നണിയുണ്ടാക്കിയ നിതീഷ് കുമാര്‍ മറുകണ്ടം ചാടിയതും മമത ഉടക്കിയതുമെല്ലാം മൂലം അവര്‍ക്ക് ഒരു പൊതുറാലി പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ആ ഘട്ടത്തിലാണ് മോദി സര്‍ക്കാറിന്റെ അതിബുദ്ധി പ്രവര്‍ത്തിച്ചത്. കെജ്്രിവാളിനെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഐക്യം ശക്തമായി. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന റാലി 1977ല്‍ അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തി. ആ യോഗത്തില്‍ കെജ്്രിവാളിന്റെ ഭാര്യ അടക്കമുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ ആവേശമാണുണ്ടാക്കിയത്. അതിനു ശേഷമാണ് ഭരണകക്ഷി അതുവരെ പറഞ്ഞിരുന്ന 400 എന്നതില്‍ നിന്ന് താഴേക്ക് വന്നത്. ഗോദി മാധ്യമങ്ങള്‍ക്ക് പോലും അല്‍പ്പം മാറ്റം വന്നത്. ഓഹരിക്കമ്പോളത്തില്‍ പോലും ആ മാറ്റങ്ങള്‍ ദൃശ്യമായത്. മോദിക്ക് പഴയ ആയുധങ്ങള്‍ ഫലിക്കില്ലെന്നു കണ്ട് അസത്യങ്ങളും പച്ചക്ക് വര്‍ഗീയ പ്രചാരണങ്ങളും നടത്തേണ്ടി വന്നത്. കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോ മുതല്‍ ഇപ്പോള്‍ ജനസംഖ്യ വരെയുള്ള കള്ളക്കണക്കുകളുമായി രംഗത്തു വരേണ്ടി വന്നത്. ജയിലില്‍ കിടന്നിരുന്ന കെജ്്രിവാള്‍ തന്നെ ഭീതിയുണ്ടാക്കിയെങ്കില്‍ നേരിട്ട് ജനങ്ങളോട് സംസാരിക്കുന്ന കെജ്്രിവാള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.
എന്തുകൊണ്ട് ഇടക്കാല ജാമ്യം?
ഇത് ഒരു ഇടക്കാല വിധിയാണെന്നും കേസില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും കെജ്‌രിവാളിനുള്ള ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ബി ജെ പിയും മറ്റും വാദിക്കുന്നുണ്ട്. തന്നെയുമല്ല ജാമ്യ വ്യവസ്ഥകളില്‍, സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിന്റെ മെറിറ്റിനെ കുറിച്ച് പൊതു വേദികളില്‍ സംസാരിക്കരുതെന്നുമുള്ളതിനപ്പുറം മുഖ്യമന്ത്രി എന്ന നിലയിലുള്ള ഒരു ഇടപെടലും പാടില്ലെന്നും പറയുന്നതിനെ ഇക്കൂട്ടര്‍ ഒരു വിജയമായി ഉയര്‍ത്തിക്കാട്ടുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു വകുപ്പും കൈകാര്യം ചെയ്യുന്നില്ല എന്നതിനാല്‍ തന്നെ 50 ദിവസങ്ങള്‍ തടവില്‍ കിടന്നിട്ടും ഭരണപരമായ ഒരു പ്രതിസന്ധിയും ഡല്‍ഹിയില്‍ ഉണ്ടായില്ല.
ജൂണ്‍ രണ്ടിന് വീണ്ടും ജയിലില്‍ പോകണം എന്നതും അത്ര വലിയ വിഷയമല്ല. അതിനകം ഇന്ത്യയിലെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ അവകാശം വിനിയോഗിച്ചിരിക്കും. മെയ് 30ന് പരസ്യ പ്രചാരണം തീരും. ഈ വിധിയുടെ അടിസ്ഥാന മൂല്യം ഇതല്ല. പ്രതിപക്ഷ നേതാക്കളെ ഏതെങ്കിലും വിധത്തില്‍ തടവിലാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുന്നു എന്നതാണത്.
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ജീവവായു
വിധിന്യായത്തിന്റെ ഏഴാം ഖണ്ഡികയില്‍ വളരെ പ്രത്യേകമായ ഒരു സാഹചര്യം എന്ന് സൂചിപ്പിച്ചു കൊണ്ട് പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കോടതി വിവരിക്കുന്നു. ജനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തങ്ങളുടെ ഭാവി സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി വോട്ടു ചെയ്യുന്ന ഈ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുന്ന സുപ്രധാന സംഭവമാണ്. ജനാധിപത്യത്തിന്റെ ജീവശ്വാസമാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും ഒരു പ്രതിക്ക് തന്റെ കൃഷിഭൂമിയില്‍ കൊയ്ത്തു നടത്താനോ ബിസിനസ്സ് നടത്താനോ ജാമ്യം ആവശ്യപ്പെടുന്നതുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് നല്‍കുന്ന താത്കാലിക ജാമ്യം അല്ലെങ്കില്‍ വിടുതല്‍ സാധാരണ ജനങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യമാകും എന്ന പ്രോസിക്യൂഷന്റെ വാദഗതി കോടതി തള്ളിക്കളയുന്നു. ഇടക്കാല ജാമ്യം എന്നൊരു വ്യവസ്ഥ ക്രിമിനല്‍ നിയമങ്ങളില്‍ ഇല്ല എന്നത് തത്ത്വത്തില്‍ ശരിയാണെങ്കിലും നിരവധി സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതി തന്നെ ഇത് അനുവദിച്ചിട്ടുണ്ടെന്ന് നാല് വിധിന്യായങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് കോടതി സ്ഥാപിക്കുന്നു. അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കുക എന്നതില്‍ ഇടക്കാല ജാമ്യം അനുവദിക്കുക എന്നതും ഉള്‍പ്പെടുമെന്ന് കോടതി വിലയിരുത്തുന്നു.
മുമ്പ് ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിയാണ് കെജ്്രിവാള്‍ എന്നാണ് ജാമ്യത്തിനെതിരായി സര്‍ക്കാര്‍ ഉന്നയിച്ച ഒരു പ്രധാന വാദം. ഇത് പ്രതിക്ക് പ്രതികൂലമായ ഒരു ഘടകമാണ്. എന്നാല്‍ ഇതിനെ മറികടക്കുന്ന മറ്റു നിരവധി പ്രധാന ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. ഈ പ്രതി ഡല്‍ഹി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഒരു ദേശീയ കക്ഷിയുടെ ഉയര്‍ന്ന നേതാവുമാണ്. ഇദ്ദേഹത്തിന് മറ്റു യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. അദ്ദേഹം സമൂഹത്തിനൊരു ഭീഷണിയല്ല. കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. 2022 ആഗസ്റ്റില്‍ തുടങ്ങിയ ഈ കേസില്‍ അറസ്റ്റ് ചെയ്തത് 2024 മാര്‍ച്ച് 21ന് മാത്രമാണ്. അതിനും പുറമെ ഈ അറസ്റ്റിന്റെ നിയമസാധുത സംബന്ധിച്ചുള്ള കേസില്‍ ഇപ്പോഴും അന്തിമ നിയമ തീരുമാനം കോടതി ഇനിയും എടുത്തിട്ടില്ല.
ഇത് ഏറെ നിര്‍ണായകമായ ഒരു നിരീക്ഷണമാണ്. കെജ്്രിവാളിന്റെ ഈ അറസ്റ്റ് ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന വാദത്തെ പരോക്ഷമായി തന്നെ കോടതി അംഗീകരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനും കേന്ദ്ര ഭരണകക്ഷിക്കും ഉള്ളതെന്ന് കോടതി മറ്റൊരു വിധത്തില്‍ പറയുന്നു. തടവില്‍ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഇല്ല എന്നുള്ള ചില കോടതി വിധികള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് കോടതി കാണുന്നു. ചില വ്യക്തികളുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാന്‍ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനെതിരെ വിധികള്‍ ഉണ്ടെന്നും കോടതി പറയുന്നു.
കേസ് തന്നെ നിലനില്‍ക്കുമോ?
ഈ കേസിന്റെ മെറിറ്റിലേക്കു കടന്നാല്‍ ഇതിന്റെ പൊള്ളത്തരം കൂടുതല്‍ വ്യക്തമാകും. മദ്യനയം സംബന്ധിച്ചുള്ള അഴിമതിയാണ് ആരോപണം. കെജ്്രിവാള്‍ നേരിട്ട് എന്തെങ്കിലും അഴിമതി നടത്തിയതിന്റെ ഒരു തെളിവും പ്രോസിക്യൂഷന്റെ പക്കലില്ല. കേവലം ഒരു പ്രതിയുടെ മൊഴി മാത്രമാണ് അടിസ്ഥാനം. ആ പ്രതിയെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. അത് തന്നെ അയാള്‍ 150 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ട് വഴി ഭരണകക്ഷിക്ക് നല്‍കിയതിന് ശേഷമാണെന്നും രേഖകള്‍ കാണിക്കുന്നു. അതിനു മുമ്പ് പല പ്രാവശ്യം ചോദ്യം ചെയ്തപ്പോഴും അയാള്‍ കെജ്്രിവാളിന്റെ പേര് പറഞ്ഞിരുന്നുമില്ല. ഏറ്റവുമൊടുവില്‍ ഈ മാപ്പുസാക്ഷിയുടെ ഭാര്യാപിതാവിനെ ബി ജെ പി സ്ഥാനാര്‍ഥിയുമാക്കിയിരിക്കുന്നു. ചിത്രം വ്യക്തമാണല്ലോ.
വാല്‍ക്കഷ്ണം
ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനും ഏകാധിപത്യ രാഷ്ട്രമാക്കാനുമുള്ള അജന്‍ഡ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയ ഒരു വിധിയാണിത്. കേന്ദ്ര സര്‍ക്കാറിനുള്ള ഒരു താക്കീതും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുമാണ്.