Kerala
പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വയനാട് | കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനരോഷം കനത്തതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെയാണ് ജില്ലാഭരണകൂടം പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പോളിന്റെ കുട്ടിയുടെ പഠനവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഭാര്യക്ക് താല്‍കാലിക ജോലി നല്‍കാനും ഉത്തരവായിട്ടുണ്ട്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് പോള്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആന്തരിക രക്തസ്രാവംമൂലം മരണം സംഭവിക്കുകയായിരുന്നു.
വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വി പി പോള്‍. ദിവസങ്ങള്‍ക്കു മുമ്പാണ് മാനന്തവാടി പടമല സ്വദേശി അജീഷിന്റെ ജീവന്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്.