man animal conflict
കിണറ്റില്‍ വീണ കരടി ചത്തത്; രക്ഷാദൗത്യത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്
രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം | വെള്ളനാട് കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ കഴിയാതിരുന്നതില്‍ രക്ഷാദൗത്യത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍.
രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കരടി മുങ്ങിച്ചത്തതു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.10 നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴി പറന്ന് കിണറിനു മുകളിലെ വലയില്‍ വന്നിരുന്നു. ഇതിനിടെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലയോടെ കരടി കിണറ്റില്‍ വീണത്.