Kerala
വാഹനാപകടത്തില്‍പ്പെട്ട് കിടപ്പ് രോഗിയായ പിതാവിനെ മകന്‍ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്നു
വീണു പരുക്കേറ്റെന്ന് പറഞ്ഞ് സെബാസ്റ്റ്യനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു
ആലപ്പുഴ | വാഹനാപകടത്തില്‍പ്പെട്ട് കിടപ്പ് രോഗിയായ അച്ഛനെ മകന്‍ കൊലപ്പെടുത്തി. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യന്‍ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ സെബിന്‍ ക്രിസ്റ്റ്യന്‍ (26) ആണ് അറസ്റ്റിലായത്.സെബാസ്റ്റ്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഭാര്യ എട്ട് മാസങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അതിന് ശേഷം മക്കളായിരുന്നു ഇദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്.
നവംബര്‍ 21ന് വൈകിട്ടോടെ തറയില്‍ വീണു പരുക്കേറ്റെന്ന് പറഞ്ഞ് സെബാസ്റ്റ്യനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സെബാസ്റ്റ്യന്‍ മരിച്ചു.സംശയത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അച്ഛന്‍ കട്ടിലില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നതിലും ആഹാരം സ്വയമെടുത്ത് കഴിക്കാത്തതിലുമുള്ള ദേഷ്യം കാരണം സെബിന്‍ പിതാവിനെ വാക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചു. അടികൊണ്ട് കട്ടിലില്‍ നിന്ന് താഴെ വീണ അച്ഛനെ വീണ്ടും ക്രൂരമായി ആക്രമിച്ചു. തലയ്ക്കും കഴുത്തിനും ഏറ്റ മാരകമായ പരുക്കുകളാണ് മരണത്തിന് കാരണമായത്.