Connect with us

Kerala

വര്‍ക്കലയില്‍ കിടപ്പ് രോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

കത്തി  നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

Published

|

Last Updated

വര്‍ക്കല | മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കൃത്യം നടത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. കത്തി  നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പന യില്‍ ജോലി ചെയ്ത് വരികയായിരുന്നു. പൂര്‍ണ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.

കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പോലീസിന് നല്‍കിയ മൊഴി.

പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സന്ദീപ് അവിവാഹിതനാണ്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചിരുന്നു

Latest