design study
ഡിസൈൻ മേഖലയിൽ വിദ്യാർഥികൾക്ക് മികച്ച ഭാവി: ഗായ അബ്ദുൽ കബീർ
ഡിസൈൻ പഠനത്തിന് മാത്രമായി ഇന്ത്യയിൽ 28 ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.
ദുബൈ | പരമ്പരാഗത പ്രൊഫഷനൽ കോഴ്സുകൾക്ക് പകരം ഡിസൈൻ പഠനം വിദ്യാർഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നും അവരുടെ ഭാവി മികച്ചതാക്കാൻ ഇതുപകരിക്കുമെന്നും പ്രമുഖ ഡിസൈനറും പരിശീലകയുമായ ഗായ അബ്ദുൽ കബീർ. ഷാർജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു ഗായ.
ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി, എൻ ഐ ഡി, എൻ ഐ എഫ് ടി എന്നീ സ്ഥാപനങ്ങളിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കുമ്പോൾ തന്നെ 20 മുതൽ 80 ലക്ഷം രൂപ വരെ വാർഷിക ശമ്പളം നൽകിയാണ് പ്രമുഖ സ്ഥാപനങ്ങൾ കാമ്പസ് ഇന്റർവ്യൂ നടത്തുന്നത്. ഡിസൈൻ പഠനത്തിന് മാത്രമായി ഇന്ത്യയിൽ 28 ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിൽ ഫാഷൻ, ഓട്ടോമൊബൈൽ, കമ്യൂണിക്കേഷൻ, ജ്വല്ലറി, വെബ് ഡിസൈൻ, യു ഐ – യു എക്സ്, ആനിമേഷൻ, ഫിലിം ആന്‍ഡ് വീഡിയോ തുടങ്ങി 22 വ്യത്യസ്ത ബ്രാഞ്ചുകളിലാണ് ബിരുദ കോഴ്സുകളുള്ളത്. ഇത്തരം കോഴ്സുകളുടെ പ്രവേശന പരീക്ഷക്ക് മാത്രമായി പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത് ഗായയാണ്.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന ഗായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനത്തിലെ ആദ്യ ബാച്ചിലെ 82 ശതമാനം വിദ്യാർഥികളെയും ദേശീയ സ്ഥാപനങ്ങളിലെത്തിച്ചതോടെയാണ് ഗായ ശ്രദ്ധേയമായത്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ഗായ മുംബൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ടെക്നോളജിയിൽ പ്രവേശനം നേടുന്നത്.