Health
രക്ത ദാതാക്കള്‍ക്കൊരു ബിഗ് സല്യൂട്ട്...
ജൂണ്‍ 14 ലോക രക്തദാനദിനം
അതിഗുരുതാവസ്ഥയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളില്‍ കൂടുതല്‍പേരും രക്ഷപ്പെടുന്നത് രക്തദാനം എന്ന മഹാത്യാഗത്തിന്‍റെ കൈപിടിച്ചാണ്. ഈ ചികിത്സയില്‍ ആശുപത്രിയോ അവിടത്തെ രക്തബാങ്കുകളോ നിര്‍വഹിക്കുന്ന പങ്കിനപ്പുറം ആദരിക്കപ്പെടേണ്ട മഹാഭൂരിക്ഷം ഇതിന്‍റെ ആദ്യകണ്ണികളായുണ്ട്. പ്രതിഫലം മോഹിക്കാതെ, പലപ്പോഴും സ്വന്തം തൊഴിലില്‍ നിന്ന് ഒരു ദിവസത്തെ അവധിയെടുത്ത്, യാത്രാക്കൂലി സ്വയം ചിലവാക്കി രക്തദാനത്തിനെത്തുന്ന രക്തദാതാക്കള്‍. അത്യപൂര്‍വ്വമായ രക്തഗ്രൂപ്പുകള്‍ തേടി പലപ്പോഴും രാപകലില്ലാതെ ഓടിനടക്കുന്ന രക്തദാന പ്രവര്‍ത്തകര്‍, രക്തദാനത്തിനായി മാത്രം വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അപകടസമയത്ത് കുതിച്ചെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍. ഇവരെ ആദരിക്കുന്നതിന് വേണ്ടിയാണ് ജൂണ്‍ 14 ലോക രക്തദാനദിനമായി ആചരിക്കുന്നത്.
കാൾ ലാൻഡ്‌സ്റ്റൈനർ എന്ന ഓസ്ട്രിയൻ ഡോക്ടർ രക്തഗ്രൂപ്പുകള്‍ വേര്‍തിരിച്ചറിയുന്നതിനുള്ള മാര്‍ഗം കണ്ടുപിടിച്ചതിന് ശേഷമാണ് സുരക്ഷിതമായ രക്ത കൈമാറ്റത്തിന് തുടക്കമായത്. അതോടെ ആധുനിക ചികിത്സാരംഗത്ത്, വിശേഷിച്ച് അത്യാഹിത വിഭാഗ പരിചരണത്തില്‍ ഒരു പിവ്ലവം തന്നെ സംഭവിച്ചു. അപകടത്തിലൂടെ രക്തം നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല രക്താര്‍ബുദരോഗികള്‍, വൃക്കരോഗികള്‍, ഹീമോഫിലിയയാല്‍ കഷ്ടപ്പെടുന്നവർ തുടങ്ങി പ്രസവത്തിലും മറ്റ് സര്‍ജറികളിലും വരെ രക്തം വളരെ പ്രധാനമാണ്.
കാള്‍ ലാൻഡ്‌സ്റ്റൈനറുടെ സംഭാവനകളെ ആദരിക്കുന്നതിനും രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളർത്തുന്നതിനുമായി നാല് പ്രമുഖ സംഘടനകൾ ചേർന്നപ്പോള്‍ 2004-ൽ ലോകാരോഗ്യ സംഘടന (WHO) ജൂണ്‍ 14നെ ആദ്യത്തെ ലോക രക്തദാതാക്കളുടെ ദിനമായി പ്രഖ്യാപിച്ചു. രക്തദാന ദിനത്തിന്‍റെ ഇരുപതാം വാര്‍ഷികമാണ് ഇന്ന്.
രക്തദാനം മഹാദാനം എന്ന ആശയത്തിനും നിഷ്കാമകര്‍മ്മികളായ രക്തദാതാക്കളുടെ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താനുമായി നമുക്ക് ഈ ദിനം ആചരിക്കാം. രക്തദാതാക്കള്‍ക്ക് ഒരു ബിഗ്സല്യൂട്ട് !