Kerala
റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു
ഭാര്യയും മകളും പരിക്കുകളോടെ രക്ഷപ്പെട്ടു
തിരുവല്ല | റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
അശ്രദ്ധമായി മരം മുറിച്ച് അപകടം വരുത്തിയതിന് കരാറുകാരനെ ഉള്‍പ്പെടുത്തി തിരുവല്ല പോലീസ് കേസെടുത്തു. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്. സെയ്ദ് ഭാര്യയും മക്കളും ഒപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബൈക്ക് മറിഞ്ഞയുടന്‍ യുവാവിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സെയ്ദ് മരിച്ചു.ഭാര്യയും മകളും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.