National
സ്ത്രീകളെ വിഡ്ഢിയാക്കുന്ന ബില്‍; വനിത സംവരണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി നേതാവ്
ബില്‍ അവതരണം ജനങ്ങളെ കബളിപ്പിക്കാനുള്ള ബി.ജെ.പിയുടെ പുതിയ തന്ത്രമാണെന്നും സഞ്ജയ് സിങ്.
ന്യൂഡല്‍ഹി| സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വനിത സംവരണ ബില്ലിനെ വനിതകളെ വിഡ്ഢിയാക്കുന്ന ബില്‍ എന്ന് വിശേഷിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്. ബില്‍ അവതരണം ജനങ്ങളെ കബളിപ്പിക്കാനുള്ള ബി.ജെ.പിയുടെ പുതിയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വനിത സംവരണ ബില്‍ അല്ല. മറിച്ച് സ്ത്രീകളെ വിഡ്ഢിയാക്കുന്ന ബില്ലാണ്.
ഞങ്ങള്‍ ഇത് നിരന്തരം പറയാന്‍ കാരണം പ്രധാനമന്ത്രി അധികാരത്തിലെത്തിയ നാള്‍ മുതല്‍ ഇന്ന് വരെ അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇതും ബി.ജെ.പിയുടെ പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി. ഇതെല്ലാം തികച്ചും രാഷ്ട്രീയം മാത്രമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില നീക്കങ്ങള്‍ മാത്രമാണ് സഞ്ജയ് സിങ് പറഞ്ഞു.
നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളായിരുന്നു ഇന്നലെ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമനിര്‍മാണ സഭകളിലും സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നല്‍കുന്ന ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ പാസാക്കും. വ്യാഴാഴ്ചയായിരിക്കും രാജ്യസഭയില്‍ ബില്‍ ചര്‍ച്ചക്ക് വെക്കുക.