punnol haridasan murder
കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ബി ജെ പി കൗണ്‍സിലറുടെ നഗരസഭാംഗത്വം നിയമക്കുരുക്കില്‍
റിമാന്‍ഡിലായതോടെ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാവാത്തതിനാല്‍ മൂന്ന് മാസം മാസം മുന്‍പ് നഗരസഭക്ക് ലിജേഷ് അവധി അപേക്ഷ നല്‍കിയിരുന്നു.
തലശ്ശേരി | സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെ വയലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായി ജയിലില്‍ കഴിയുന്ന ബി ജെ പി കൌണ്‍സിലറുടെ നഗരസഭാംഗത്വം നിയമക്കുരുക്കില്‍. മഞ്ഞോടി വാര്‍ഡ് കൌണ്‍സിലറും ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡൻ്റുമായ കൊമ്മല്‍വയല്‍ ശങ്കരാലയത്തില്‍ കെ ലിജേഷ് ആണ് ജയിലിലുള്ളത്. വിഷയം ഇപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്. ലിജേഷ് കഴിഞ്ഞ ആറ് മാസമായി നഗരസഭയില്‍ ഹാജരായിട്ടില്ലെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കിയിരുന്നു.
റിമാന്‍ഡിലായതോടെ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാവാത്തതിനാല്‍ മൂന്ന് മാസം മാസം മുന്‍പ് നഗരസഭക്ക് ലിജേഷ് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധി അപേക്ഷ നഗരസഭ കൗണ്‍സില്‍ യോഗം തള്ളി. കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് അവധി അനുവദിക്കുന്നതിനെതിരെ യോഗത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. അവധിയപേക്ഷ തള്ളിയതിനെതിരെ ലിജേഷ് ഹൈക്കോടതിയെ സമീപിച്ചു. കൗണ്‍സില്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കൗണ്‍സിലില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
ലിജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തലശ്ശേരി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2022 ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഹരിദാസിനെ വീട്ടുമുറ്റത്ത് വെച്ച് ബി ജെ പി- ആർ എസ് എസ് സംഘം വെട്ടിക്കൊന്നത്. 17 പ്രതികളുള്ള കേസില്‍ 15 പേരെ അറസ്റ്റ് ചെയ്തു. മൂന്നും നാലും പ്രതികളായ ദീപക്, നിഖില്‍ എന്നിവര്‍ ഒളിവിലാണ്. കേസില്‍ അന്വേഷണസംഘം തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ കുറ്റപത്രം നല്‍കിയിട്ടുണ്ട്.