Kerala
നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി
ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പോലീസ് സംഘം ഇന്ന് വിശദ പരിശോധന നടത്തിയിരുന്നു.

പത്തനംതിട്ട | ഇലന്തൂരിൽ രണ്ട് സ്ത്രികൾ നരബലിക്കിരയായ വീട്ടിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തി. കേസിലെ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് രക്തക്കറ കണ്ടെത്തിയത്. മനുഷ്യ മാംസം സൂക്ഷിച്ചതിന് തെളിവാണ് ഇതെന്ന് കരുതുന്നു.
വീടിനുള്ളില്‍ നിന്നും ഷാഫിയുടെ ഫിംഗര്‍ പ്രിന്റ് , മുറിയിൽ നിന്ന് ബ്ലഡ് സ്റ്റെയില്‍ സാമ്പിളുകൾ എന്നിവയും കണ്ടെത്തി. വീടിനുള്ളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ച നാല് കറി കത്തിയും ഒരു വെട്ടുകത്തിയും ലഭിച്ചതായും പോലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ ഡമ്മി പരീക്ഷണവും നടത്തി.
ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പോലീസ് സംഘം ഇന്ന് വിശദ പരിശോധന നടത്തിയിരുന്നു. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനായിരുന്നു പരിശോധന.
മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെടാവര്‍ ഇനത്തിൽപെട്ട രണ്ട് പോലീസ് നായകളുടെ സഹായത്തോടെയാണ് നരബലി നടന്ന പുരയിടത്തില്‍ പോലീസ് പരിശോധന നടത്ത്തിയത്. പറമ്പിന്റെ ചില ഭാഗങ്ങളിൽ നായ്ക്കൾ അസ്വാഭാവികമായി കുരച്ചതിനാൽ ഇവിടെ കുഴിയെടുത്ത് പ്രത്യേകം പരിശോധിക്കാനായി അടയാളപ്പെടുത്തിയിട്ടുണ്ട്.
പരിശോധനയിൽ എല്ലിൻ കഷണം കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യരുടെതോ മൃഗങ്ങളുടെതോ എന്ന് സ്ഥിരീകരിക്കാനായി വിശദ പരിശോധനക്ക് വിധേയാമാക്കും. പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.