Kerala
ഫുട്ബോൾ ആരാധകർക്ക് തിരിച്ചടി; പൂള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കാൻ നിർദേശം
ഭീമൻ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് പരാതി
കോഴിക്കോട് | ഫുട്‌ബോള്‍ ലോകകപ്പിന്റെ വരവറിയിച്ച് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച ഭീമൻ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ നിർദേശം. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് കട്ടൗട്ട് നീക്കാൻ നിർദേശം നൽകിയത്.
അർജന്റീന താരം ലയണൽ മെസ്സിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുഴയിൽ സ്ഥാപിച്ചത്. ആദ്യം മെസ്സി ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. 30 അടി ഉയരമുള്ള ഈ കൂറ്റൻ കട്ടൗട്ടിന്റെ ദൃശ്യങ്ങൾ ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്ത ആയതോടെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരത്തിലുള്ള കട്ടൗട്ടും സ്ഥാപിക്കുകയായിരുന്നു.
ഭീമൻ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്നാണ് ശ്രീജിത്ത് പെരുമന പരാതിയിൽ പറയുന്നത്. പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.