From the print
ഊതിക്കാച്ചിയ പോരാട്ടം
വിദേശ രാജ്യങ്ങളിൽ നിന്നടക്കം മതം പഠിക്കാൻ നിരവധി വിദ്യാർഥികൾ എത്തിയതോടെ കേരളത്തിലെ മക്കയെന്ന വിശേഷണവും പൊന്നാനിക്ക് വന്നുചേർന്നു
മണ്ണിനും മനുഷ്യർക്കുമിടയിൽ പ്രകൃതി ജലം കൊണ്ട് വരച്ച അതിരുകളാണ് കടലുകളും പുഴകളും. കടലിനും പുഴക്കും അക്കരെയുള്ള ഭൂമി പുരാതനകാലം മുതൽക്കേ മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ടാകണം. പൊന്നാനി അത്തരത്തിൽ കടലിനും പുഴക്കും അക്കരെയുള്ള ഭൂമികയാണ്. പൊന്നാനിയെ തേടി യവനരും ചീനക്കാരും അറബികളും യൂറോപ്യന്മാരും വന്നത് അറബിക്കടൽ താണ്ടിയാണ്. വടക്കും തെക്കുമുള്ള പുഴകളിലൂടെ ഉൾനാടുകളിൽ നിന്ന് പൊന്നാനിയിലേക്കും തിരിച്ചും സമ്പത്ത് ഒഴുകി. സ്വദേശികളെയും വിദേശികളെയും മാത്രമല്ല അവർ കൊണ്ടുവന്ന വിഭവങ്ങളും ആശയങ്ങളും ഈ ദേശം ഇരുകൈയും നീട്ടി സ്വീകരിച്ചു.
പൊന്നാനി വലിയ പള്ളിക്കകത്ത് കെടാതെ കത്തുന്ന ഒരു വിളക്കുണ്ട്. സൈനുദ്ദീൻ മഖ്ദൂമിന്റെ കീഴിലുള്ള വിശ്വപ്രസിദ്ധ ദർസ് പഠനം ഈ എണ്ണ വിളക്കിന് ചുറ്റുമിരുന്നായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മതം പഠിക്കാൻ നിരവധി വിദ്യാർഥികൾ എത്തിയതോടെ കേരളത്തിലെ മക്കയെന്ന വിശേഷണവും പൊന്നാനിക്ക് വന്നുചേർന്നു. ഈ ചരിത്രത്തോടൊപ്പം പൊന്നിൻ തിളക്കമുള്ളതാണ് പൊന്നാനിയുടെ രാഷ്ട്രീയ ചരിത്രവും വർത്തമാനവും.
ആദ്യം പാറിയത് ചെങ്കൊടി
1952ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ 1977 വരെ പൊന്നാനിയിൽ പാറിയത് ചെങ്കൊടിയായിരുന്നു. 1977ൽ അതിർത്തി പുനർനിർണയത്തോടെ പുതിയ പൊന്നാനിയായി. പിന്നീടിങ്ങോട്ട് പാറിയത് പച്ചപ്പതാകയാണ്. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട്ടെ തൃത്താല എന്നീ നിയോജക മണ്ഡലങ്ങൾ അടങ്ങിയതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. താനൂർ, തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളിൽ ഇടത് എം എൽ എമാരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ യു ഡി എഫും എൽ ഡി എഫും തമ്മിൽ പതിനായിരം വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്. ബി ജെ പിക്ക് ശരാശരി ആറ് മുതൽ എട്ട് വരെ ശതമാനം വോട്ടാണ് ലഭിക്കാറുള്ളത്.
2011ലെ സെൻസസ് പ്രകാരം 62.4 ശതമാനം മുസ്‌ലിം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. നായർ വോട്ടുകൾക്കും നിർണായക സ്വാധീനമുണ്ട്. ആ സ്വാധീനത്തിലാണ് ഇടതുപക്ഷത്തിന്റെ കണ്ണ്. 37 ശതമാനമാണ് ഹിന്ദു വോട്ടർമാരുള്ളത്. 0.6 ശതമാനം ക്രിസ്ത്യാനികളും 7.2 ശതമാനം പട്ടികജാതിക്കാരും 0.2 ശതമാനം പട്ടിക വർഗക്കാരുമുണ്ട്. കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 14,23,250 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
സ്വതന്ത്രരുടെ നാട്
ഇടതുപക്ഷത്തിനായി മികച്ച സ്ഥാനാർഥി രംഗത്തിറങ്ങിയാൽ പൊന്നാനിയിൽ മത്സരം കടുത്തേക്കുമെന്നാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. 2014ൽ സിറ്റിംഗ് എം പിയായ ഇ ടി മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ്സ് വിമതനായെത്തിയ നിലവിലെ മന്ത്രി വി അബ്ദുർറഹ്മാൻ മത്സരിച്ചപ്പോൾ മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് ഇ ടിക്ക് ലഭിച്ചത്.
ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കാറുള്ള മണ്ഡലത്തിൽ 25,410 വോട്ടിനായിരുന്നു വിജയം. ഇ ടിക്ക് 43.43ഉം വി അബ്ദുർറഹ്‌മാന് 40.51ഉം ശതമാനം വോട്ടാണ് ലഭിച്ചത്. ലീഗിന്റെ വോട്ടിൽ ഏഴ് ശതമാനത്തോളം കുറവ് വന്നു. എന്നാൽ, 2019ലെ തിരഞ്ഞെടുപ്പിൽ പി വി അൻവറിനെതിരെ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇ ടിക്ക് ലഭിച്ചെങ്കിലും മികച്ച സ്ഥാനാർഥിയിലൂടെ ശക്തമായ മത്സരത്തിനുള്ള സാധ്യത പൊന്നാനി തുറന്നുവെക്കുന്നുണ്ട്.
2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇ ടി മുഹമ്മദ് ബഷീറാണ് ലീഗിനായി മത്സരിച്ചത്. ഇക്കുറി അബ്ദുസ്സമദ് സമദാനിയാണ് കളത്തിൽ. എൻ ഡി എ സ്ഥാനാർഥിയായി മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും മത്സര രംഗത്തുണ്ട്.
ആ ചിഹ്നം അര നൂറ്റാണ്ടിന് ശേഷം
ശക്തമായ മത്സരത്തിന് അരങ്ങൊരുക്കാൻ വേണ്ടിയാണ് മുസ്‌ലിം ലീഗ് മുൻ നേതാവിനെ ഇടതുപക്ഷം രംഗത്തിറക്കിയത്. ലീഗിലെ അനഭിമതരുടെ വോട്ട് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയിലൂടെ സ്വന്തമാക്കാം എന്നാണ് പ്രതീക്ഷ. യു ഡി എഫ് വോട്ടുകൾ ചോർത്താൻ അദ്ദേഹത്തിന് ശേഷിയുണ്ടെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. മാത്രമല്ല, പാർട്ടി ചിഹ്നത്തിൽ കൂടിയാണ് ഹംസ മത്സരിക്കുന്നത്. 53 വർഷത്തിന് ശേഷമാണ് പൊന്നാനിയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ സ്ഥാനാർഥി വരുന്നത്.
പഴയ പൊന്നാനി മണ്ഡലത്തിൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം കെ കൃഷ്ണൻ വിജയിച്ച 1971ലെ തിരഞ്ഞെടുപ്പിലാണ് അവസാനമായി പാർട്ടി സ്വന്തം ചിഹ്നത്തിൽ മത്സരിച്ചത്. മാത്രമല്ല, മത്സ്യത്തൊഴിലാളികൾ ധാരാളമുള്ള തീരദേശ മേഖലയും ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാണ്. അതേസമയം, ഏത് കാറ്റിലും കോളിലും ലീഗിനെ ഉലയാതെ കാത്ത പൊന്നാനിയുടെ പാരമ്പര്യത്തിലാണ് യു ഡി എഫ് പ്രതീക്ഷയർപ്പിക്കുന്നത്. നാലര പതിറ്റാണ്ടായി ഇടത് തന്ത്രങ്ങളെ അതിജീവിച്ച മണ്ണാണിത്.
2004ലെ ഇടത് തരംഗത്തിൽ കുത്തക മണ്ഡലമായ മഞ്ചേരി കൈവിട്ടപ്പോൾ ലീഗിന്റെ മാനം കാത്തത് പൊന്നാനിയാണ്. ഇരുപക്ഷത്തെയും പ്രതീക്ഷകളുടെ അമിത ഭാരത്തിൽ അന്തിമ വിധി നമുക്ക് പൊന്നാനിക്ക് വിടാം.