Connect with us

Kerala

വിനോദസഞ്ചാര മേഖലയില്‍ കുതിപ്പ്; സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ‘ഡിഹാവ്‌ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍ ആണ് 11 ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഫ്‌ളാഗ് ഓഫിനു ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം ജലാശയ പരിസരത്ത് സ്വീകരണം നല്‍കും. നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിനാണ് ‘ഡിഹാവ്‌ലാന്‍ഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30 ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest