National
തെലങ്കാനയിൽ എട്ടുവർഷമായി നിർമാണത്തിലിരുന്ന പാലം കനത്ത കാറ്റില്‍ തകര്‍ന്നുവീണു
പാലം തകര്‍ന്നു വീഴുന്നതിന് തൊട്ടുമുമ്പ് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 65 പേരടങ്ങുന്ന ഒരു ടൂറിസ്റ്റ് ബസ് പാലത്തിനടിയിലൂടെ കടന്നു പോയിരുന്നു,
ഹൈദരാബാദ് | തെലങ്കാനയില്‍ പാലം കനത്ത കാറ്റില്‍ തകര്‍ന്നു വീണു.പേഡാപ്പള്ളി ജില്ലയില്‍ എട്ടുവര്‍ഷമായി നിര്‍മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്. പ്രദേശത്തെ രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിര്‍മാണം തുടങ്ങിയ പാലമാണ് കനത്ത കാറ്റില്‍ തകര്‍ന്നു വീണത്. രണ്ട് തൂണുകള്‍ക്കിടയിലെ 100 അടി നീളം വരുന്ന രണ്ട് കോണ്‍ഗ്രീറ്റ് ഗിര്‍ഡറുകളാണ് തകര്‍ന്നത്.
പാലം തകര്‍ന്നു വീഴുന്നതിന് തൊട്ടുമുമ്പ് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 65 പേരടങ്ങുന്ന ഒരു ടൂറിസ്റ്റ് ബസ് പാലത്തിനടിയിലൂടെ കടന്നു പോയിരുന്നു,തലനാരിഴക്കാണ് വലിയൊരപകടത്തില്‍ നിന്നും ബസില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
2016ല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം തെലങ്കാന സ്പീക്കര്‍ എസ് മധസുധന ചാരിയും പ്രദേശത്തെ എംഎല്‍എയായ പുട്ട മധുവും ചേര്‍ന്നാണ് നിര്‍വഹിച്ചത്. 49 കോടി രൂപയും അനുവദിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട് പണി നീണ്ടു പോവുകയായിരുന്നു.