Ongoing News
ലോകകപ്പിലെ ഉജ്ജ്വല പ്രകടനം; പ്രഗ്‌നാനന്ദക്ക് അവിസ്മരണീയ സ്വീകരണം നല്‍കി ജന്മനാട്
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സണെതിരെ വിസ്മയ പ്രകടനം നടത്തിയ പ്രഗ്‌നാനന്ദക്ക് സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ പാരിതോഷികമായി നല്‍കി.
ചെന്നൈ | ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പറിനെ വിറപ്പിക്കുന്ന പ്രകടനം നടത്തിയ ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ അഭിമാന താരം രമേഷ്ബാബു പ്രഗ്‌നാനന്ദക്ക് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ചെന്നൈ വിമാനത്താവളത്തില്‍ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്‍ ഭാരവാഹികളും സഹപാഠികളും ചേര്‍ന്ന് പ്രഗ്‌നാനന്ദയെയും മാതാവിനെയും വരവേറ്റു.
കുമ്മാട്ടിയും വാദ്യമേളവും ഉള്‍പ്പെടെയുള്ള കലാവിരുന്ന് ഒരുക്കിയായിരുന്നു സ്വീകരണം. സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ ചെന്നൈ നഗരത്തിലേക്ക് തിരിച്ച പ്രഗ്‌നാനന്ദ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും കായികമന്ത്രി ഉദയനിധി സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തി. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സണെതിരെ വിസ്മയ പ്രകടനം നടത്തിയ പ്രഗ്‌നാനന്ദക്ക് സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. തുക മുഖ്യമന്ത്രി കൈമാറി. സ്വീകരണത്തില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തിയ താരം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രഗ്‌നാനന്ദ പറഞ്ഞു.
കലാശത്തില്‍ ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും കാള്‍സണെ സമനിലയില്‍ തളച്ച 18കാരനായ പ്രഗ്‌നാനന്ദ ടൈബ്രേക്കറിലാണ് പരാജയം സമ്മതിച്ചത്.
ആദ്യ ഗെയിമില്‍ 35 ഉം രണ്ടാമത്തേതില്‍ 30 ഉം നീക്കത്തിനൊടുവിലാണ് ഇരുവരും സമനില വഴങ്ങിയത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്‌നാനന്ദ സമനില വഴങ്ങിയതോടെയാണ് കാള്‍സണ്‍ കിരീടം സ്വന്തമാക്കിയത്.