Connect with us

Uae

ആഗോള ജൈവ, പ്രകൃതി ഉത്പന്ന പ്രദര്‍ശനത്തിന് ഉജ്വല തുടക്കം

ഓര്‍ഗാനിക് എക്‌സ്‌പോക്കു 550-ലധികം പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ|ആഗോള ജൈവ ഉത്പ്പന്ന പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കും. മിഡില്‍ ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട് എക്‌സ്‌പോയുടെ 22ാമത് പതിപ്പാണിത്. ലോകമെമ്പാടുമുള്ള മികച്ച ജൈവ, പ്രകൃതിദത്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഓര്‍ഗാനിക് എക്‌സ്‌പോക്കു 550-ലധികം പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 300 പ്രദര്‍ശകരായിരുന്നു. എണ്ണത്തില്‍ 83 ശതമാനം വര്‍ധന രേഖപ്പെടുത്തി. 12,000ത്തിലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ മലേഷ്യ ഇന്റര്‍നാഷണല്‍ ഹലാല്‍ ഷോകേസിന്റെ (മിഹാസ്) ആഗോള അരങ്ങേറ്റത്തിന് കൂടി പ്രദര്‍ശനം സാക്ഷ്യം വഹിക്കുന്നു. മിഡില്‍ ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്റ്റ് എക്‌സ്‌പോയുടെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഉത്പന്ന പ്രദര്‍ശനമാണിത്. യു എ ഇയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രിയും മലേഷ്യയിലെ ഗ്രാമ-പ്രാദേശിക വികസന മന്ത്രിയുമായ ദത്തോ സെരി ഡോ. അഹ്മദ് സാഹിദ് ഹമീദി മിഹാസ് ഉദ്ഘാടനം ചെയ്തു.

‘മിഡില്‍ ഈസ്റ്റിലെ ജൈവ, പ്രകൃതി ഉത്പന്നങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ പ്രദര്‍ശനമാണിത്. സുസ്ഥിരതക്കും അത്യാധുനിക ഉത്പന്നങ്ങള്‍ക്കുമുള്ള മേളയാണിത്. വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്താനും ജൈവ, പ്രകൃതി ഉത്പന്നങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരമുണ്ട്.’ മിഡില്‍ ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട് എക്‌സ്‌പോ ജനറല്‍ മാനേജര്‍ ഷിനു പിള്ള പറഞ്ഞു. ഓര്‍ഗാനിക് സൂപ്പര്‍ കിച്ചണ്‍, ഓര്‍ഗാനിക് ബ്യൂട്ടി കോര്‍ണര്‍, ചായക്കും കാപ്പിക്കുമുള്ള പ്രത്യേക പവലിയന്‍, ഫ്രഷ് പ്രൊഡ്യൂസ് പവലിയന്‍, സൂപ്പര്‍ഫുഡ്‌സ് പവലിയനുകള്‍, സ്റ്റാര്‍ട്ടപ്പ്, നിരവധി പുതിയ ഉത്പന്ന ലോഞ്ചുകള്‍ എന്നിവയും എക്‌സ്‌പോയില്‍ ഉണ്ടായിരിക്കും.

ജൈവ വ്യവസായ സമ്മേളനവും നടക്കും.’മിഡില്‍ ഈസ്റ്റിലേക്കുള്ള ഒരു ഗേറ്റ് വേ എന്ന നിലയില്‍ ദുബൈ പദവി പ്രയോജനപ്പെടുത്താന്‍ മലേഷ്യന്‍ നിര്‍മാതാക്കളെയും വിതരണക്കാരെയും മിഹാസ് സഹായിക്കും. ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗ്രീന്‍ ടെക്നോളജികള്‍ എന്നിവയുള്‍പ്പെടെ ഹലാല്‍ ഭക്ഷണത്തിനപ്പുറം അവസരങ്ങള്‍ മുതലെടുക്കാന്‍ അന്താരാഷ്ട്ര, പ്രാദേശിക ഇടപാടുകാരെ സഹായിക്കും.’ മിഹാസ് അധികൃതര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ഗ്രീസ്, ഇന്ത്യ, ഇറാന്‍, ഇറ്റലി, കൊറിയ, ലെസോത്തോ, മലേഷ്യ, മെക്സിക്കോ, നേപ്പാള്‍, ഫിലിപ്പീന്‍സ്, പോളണ്ട്, റഷ്യ, റുവാണ്ട, സ്പെയിന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, തുര്‍ക്കി, യുക്രെയിന്‍, യു കെ, മെക്സിക്കോ, നേപ്പാള്‍, ഇക്വഡോര്‍ തുടങ്ങി 21 രാജ്യ പവലിയനുകളുണ്ട്. എക്‌സ്‌പോ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നിരിക്കും.

 

Latest