Connect with us

Editorial

സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ കാണാത്ത ബജറ്റ്

പ്രതീക്ഷിച്ചത് പലതും ഇല്ലാത്ത ഒന്നായിപ്പോയി നിര്‍മലാ സീതാരാമന്റെ പുതിയ ബജറ്റ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘വോട്ട് ബജറ്റ് ' പോലുമായില്ല. പതിവുപോലെ കേരളത്തിന് അവഗണന തന്നെ.

Published

|

Last Updated

അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവത്കരണത്തിനും ഊന്നല്‍ നല്‍കാന്‍ ശ്രമിച്ച ബജറ്റെന്ന് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23ലേക്കുള്ള ബജറ്റിനെ ഒറ്റനോട്ടത്തില്‍ വിശേഷിപ്പിക്കാം. വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബജറ്റെന്നും സാധാരണക്കാരെയും ദരിദ്രരെയും തൊടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തുമ്പോള്‍ പൊള്ളയായ പ്രസ്താവനയെന്ന തരത്തിലാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പുതിയ ചില ചുവടുവെപ്പുകള്‍ ധനമന്ത്രി നടത്തുന്നുണ്ട്. എന്നാല്‍ അവയൊന്നും രാജ്യം ഇപ്പോള്‍ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം.

25,000 കിലോമീറ്റര്‍ ദേശീയ പാത, 400 വന്ദേ ഭാരത് ട്രെയിനുകള്‍, കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവിലക്ക് 2.37 ലക്ഷം കോടി, സഹകരണ സ്ഥാപനങ്ങളുടെ ആള്‍ട്ടര്‍നേറ്റ് മിനിമം ടാക്സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചത്, പ്രതിരോധ ബജറ്റിന്റെ 68 ശതമാനം മേക് ഇന്‍ ഇന്ത്യക്ക് നീക്കിവെച്ചത്, 5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തുടങ്ങുന്നത്, ഡിജിറ്റല്‍ കറന്‍സി അടക്കമുള്ള പുതിയ വിഷയങ്ങളില്‍ ബജറ്റ് മുന്നോട്ട് വെക്കുന്ന സമീപനങ്ങള്‍ തുടങ്ങിയവയെല്ലാം ആത്മാര്‍ഥമായ നീക്കങ്ങളാണ്. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. ആദായ നികുതി റിട്ടേണ്‍ തെറ്റു തിരുത്തി ഫയല്‍ ചെയ്യാനുള്ള അവസരം നികുതി ദായകര്‍ക്ക് നല്‍കും. മറച്ചുവെച്ച ആദായം പിന്നീട് സ്വയം വെളിപ്പെടുത്താം. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനം അപര്യാപ്തമെങ്കിലും ആശ്വാസകരമാണ്. സമഗ്ര സാമ്പത്തിക വളര്‍ച്ചക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ നല്‍കുന്നതെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പലിശരഹിത വായ്പക്ക് പുറമേയുള്ളതാണിത്. 50 വര്‍ഷമാണ് വായ്പാ കാലാവധി. ക്ലീന്‍ എനര്‍ജിക്കുള്ള ഊന്നലും കൈയടി അര്‍ഹിക്കുന്നു.

അപ്പോഴും ചില ഗുരുതരമായ പ്രശ്നങ്ങള്‍ ഈ ബജറ്റിനുണ്ട്. സാമ്പത്തിക സ്തംഭനാവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നം. വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനത്തിലധികമായിരിക്കുമെന്ന പ്രതീക്ഷ പുലര്‍ന്നാല്‍ പോലും രാജ്യത്തെ സാമാന്യ ജനങ്ങളുടെ പൊതു ജീവിതാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. മുന്നിലുള്ള കണക്കുകളെല്ലാം അതാണ് കാണിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ വലിയ തകര്‍ച്ചകളുമായി താരതമ്യം ചെയ്താണ് ജി ഡി പിയില്‍ വളര്‍ച്ചയുണ്ടെന്ന് പറയുന്നത്. മഹാമാരിക്കു മുന്നേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയ തകര്‍ച്ചയിലായിരുന്നുവെന്നോര്‍ക്കണം. ഈ വസ്തുത മറച്ചുവെച്ചാണ് ആഘോഷിക്കപ്പെടുന്ന വളര്‍ച്ചാ കണക്ക് വരുന്നത്.

കണക്കുകള്‍ വേറെയുമുണ്ട്. 2021ല്‍ ഇന്ത്യയില്‍ 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞുവെന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഒമ്പത് ശതമാനത്തോളമാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയും (സി എം ഐ ഇ) പറയുന്നു. തയ്യാറെടുപ്പില്ലാതെ ജി എസ് ടി നടപ്പാക്കിയതും അര്‍ധരാത്രിയിലെ നോട്ട് നിരോധനവും തകര്‍ത്തെറിഞ്ഞ സമ്പദ് വ്യവസ്ഥയിലേക്കാണ് മഹാമാരിയുടെ കെടുതി കൂടി വന്നത്. അതിനെ നേരിടാന്‍ നടപ്പാക്കിയ അടച്ചിടല്‍ അസംഘടിത മേഖലയിലും ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകളിലും ഉണ്ടാക്കിയ കെടുതി ശരിയായ അര്‍ഥത്തില്‍ വിലയിരുത്താന്‍ പോലും സര്‍ക്കാറിന് സാധിച്ചിട്ടില്ല.

രാജ്യത്തെ സാമാന്യ ജനം നിസ്സഹായാവസ്ഥയിലേക്ക് കൂപ്പു കുത്തുമ്പോഴും അതി സമ്പന്നര്‍ പരുക്കില്ലാതെ നിന്നു. രാജ്യത്തിന്റെ ആസ്തിയുടെ 77 ശതമാനവും പത്ത് ശതമാനം സമ്പന്നരുടെ കൈയിലാണ്. 2020-21ല്‍ അതി സമ്പന്നരുടെ സ്വത്ത് 23.14 ലക്ഷം കോടി രൂപയില്‍ നിന്ന് 53.16 ലക്ഷം കോടിയായി. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 104ലേക്ക് എത്തി.
മഹാമാരി ഇപ്പോഴും മൂന്നാം തരംഗമായി ഇവിടെയുണ്ട്. തൊഴില്‍ മേഖലയിലെ മാന്ദ്യം നീങ്ങിയിട്ടില്ല. ഇതെല്ലാം പരിഗണിച്ച് എന്ത് തിരുത്തല്‍ നടപടിയാണ് ബജറ്റിലുള്ളത്. പ്രധാനമന്ത്രി ഗതിശക്തിയെന്ന പേര് ഉച്ചരിക്കാന്‍ വേണ്ടി മാത്രം നേരത്തേ നടന്നു കൊണ്ടിരുന്ന ദേശീയ പാതാ വികസനം, മള്‍ട്ടി ലോജിസ്റ്റിക് ഹബ്ബ് തുടങ്ങിയവ പൊടി തട്ടി അവതരിപ്പിച്ചതുകൊണ്ടായോ? ഡിജിറ്റല്‍ കണ്‍കെട്ട് കൊണ്ട് മാത്രം കാര്യമുണ്ടോ? മാന്ദ്യം മറികടക്കാനുള്ള ഒരേയൊരു പോംവഴി ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കലാണ്. നേരത്തേ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജില്‍ അതുണ്ടായിരുന്നില്ല. ഈ ബജറ്റിലും അത് കാര്യമായി കാണുന്നില്ല. അസംഘടിത, കാര്‍ഷിക മേഖലയാണ് ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ ശക്തി.

പിന്നെയുള്ളത് സേവന മേഖലയാണ്. ഇവിടങ്ങളില്‍ ചലമുണ്ടാക്കാനുള്ള ശ്രമം ബജറ്റില്‍ കാണുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ഒരു ലക്ഷം കോടി തന്നെയും വീതിച്ചു വരുമ്പോള്‍ തുച്ഛമാണെന്നോര്‍ക്കണം. ധന ഉത്തരവാദിത്വ കെണിയൊരുക്കി സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള അവസരം പോലും പരിമിതപ്പെടുത്തിയിട്ടാണ് ഇത് നല്‍കുന്നത്. സംസ്ഥാനങ്ങളെ ആശ്രിതരാക്കി മാറ്റാനേ ഇത് തികയൂ. ഇങ്ങനെ നോക്കുമ്പോള്‍ പ്രതീക്ഷിച്ചത് പലതും ഇല്ലാത്ത ഒന്നായിപ്പോയി നിര്‍മലാ സീതാരാമന്റെ പുതിയ ബജറ്റ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘വോട്ട് ബജറ്റ്’ പോലുമായില്ല. പതിവുപോലെ കേരളത്തിന് അവഗണന തന്നെ.

എന്നാല്‍, പ്രതീക്ഷിക്കപ്പെട്ട ഒന്ന് ഈ ബജറ്റിലും ഉണ്ട്. അത് ലക്കുകെട്ട സ്വകാര്യവത്കരണമാണ്. എല്‍ ഐ സിയും വില്‍ക്കാന്‍ പോകുകയാണ്. സ്വകാര്യവത്കരണം അവസാനിപ്പിച്ച് പൊതു മേഖലയില്‍ ഇടപെടല്‍ ശക്തമാക്കേണ്ട ഘട്ടമാണിത്. ആരോഗ്യരംഗം മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും.

ബജറ്റ് അലോക്കേഷനുകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ‘സബ്കാ വികാസ്’ എന്ന പ്രഖ്യാപിത നയത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കാം.

 

---- facebook comment plugin here -----

Latest