National
മൂന്ന് മിനാരങ്ങളുള്ള കെട്ടിടം; ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി
2014 ന് ശേഷം ഇത് നാലാം തവണയാണ് എന്‍സിഇആര്‍ടി പാഠപുസ്തകം തിരുത്തുന്നത്

ന്യൂഡല്‍ഹി | എന്‍സിഇആര്‍ടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദിന്റെ പേരിന് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണം മാത്രം.
16 ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ തിരുത്തല്‍ വരുത്തി ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528 ല്‍ നിര്‍മിച്ച മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്നാണ് പുതിയ പാഠപുസ്തകത്തിലുള്ളത്. 2014 ന് ശേഷം ഇത് നാലാം തവണയാണ് എന്‍സിഇആര്‍ടി പാഠപുസ്തകം തിരുത്തുന്നത്.
ചരിത്രം വളച്ചൊടിച്ചും തിരുത്തിയുമുള്ള എന്‍സിഇആര്‍ടി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.നേരത്തേയും ബാബരി മസ്ജിദ് പരമാര്‍ശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് എതിരായ സുപ്രീം കോടതി നടപടി അടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.