Kerala
പത്തനംതിട്ടയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ചു
അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം വശത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ എല്ലാം മുന്‍വശത്തെ വാതില്‍ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു
പത്തനംതിട്ട | ഗുജറാത്ത് സ്വദേശികളുമായി തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ 30 അഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന്റെ എന്‍ജിന്‍ ഭാഗത്ത് തീ പടര്‍ന്നു . മഹര്‍ഷിക്കാവ് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ആളുകള്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ഡ്രൈവര്‍ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടന്‍ നാട്ടുകാര്‍ വിവരം അടൂര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശി ആയ രജീഷ്മയുടെ ഉടമസ്ഥതയില്‍ ഉള്ള ടൂറിസ്‌റ് ബസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെ ആണ് അപകടം ഉണ്ടായത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം വശത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ എല്ലാം മുന്‍വശത്തെ വാതില്‍ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കില്‍ വാഹനത്തിലെ ഇലക്ട്രിക് കേബിളുകള്‍ കത്തി സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതെ വരികയും മുന്‍ വശത്തെ വാതില്‍ തുറക്കാന്‍ ആകാതെ യാത്രക്കാര്‍ ബസ്സിനുള്ളില്‍ കുടുങ്ങി അത്യാഹിതം ഉണ്ടാകുന്നതിനുള്ള സാധ്യതയുമാണ് ഡ്രൈവര്‍ ആകാശിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. അടിയന്തിര സാഹചര്യത്തില്‍ ആളുകള്‍ക്ക് രക്ഷപെടുന്നതിന് വേണ്ട എമര്‍ജന്‍സി വാതിലുകള്‍ ബസില്‍ ഉണ്ടായിരുന്നുമില്ല.
ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ വണ്ടിക്കുള്ളില്‍ നിറയെ പുക നിറഞ്ഞ് ശ്വസിക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആയിരുന്നു. ഉടന്‍ ബസിന്റെ റൂഫ് ടോപ്പ് ഉയര്‍ത്തി പുക പുറത്തേക്ക് തുറന്ന് വിടുകയും, ഡ്രൈവര്‍ ക്യാബിനുള്ളില്‍ കയറി എന്‍ജിന്‍ ഭാഗത്ത് ഉയന്ന തീ വെള്ളം പമ്പ് ചെയ്ത് പൂര്‍ണ്ണമായും അണക്കുകയുമായിരുന്നു. കനത്ത ചൂടില്‍ എന്‍ജിന്‍ ഓയില്‍ ടാങ്കിന്റെ അടപ്പ് തെറിച്ച് എന്‍ജിന്‍ ഓയില്‍ പൂര്‍ണ്ണമായും കത്തിയിരുന്നു. എന്‍ജിന്റെ ഭാഗത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്ന് അനുമാനിക്കുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള ഏനാത്ത് പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.