articles
യോഗിയുടെയും മോദിയുടെയും വിധിയെഴുതുന്ന ഉപതിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി യോഗിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം യോഗിയുടെ നിലപാടാണെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. ഈ ഉപതിരഞ്ഞെടുപ്പ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ ഗ്രാഫ് പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പിനോളം രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഗൗരവമായി കാണുന്ന തിരഞ്ഞെടുപ്പാണ് യു പി നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം കാത്തിരുന്നത് യു പി നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയതി അറിയാനായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന സീറ്റുകളിലടക്കം ദയനീയ പരാജയം നേരിട്ട ബി ജെ പിക്ക് ഈ ഉപതിരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി യോഗിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം യോഗിയുടെ നിലപാടാണെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. ഈ ഉപതിരഞ്ഞെടുപ്പ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ ഗ്രാഫ് പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്തിൽ കൈവരിച്ച നേട്ടത്തിൽ ചോർച്ച സംഭവിച്ചിട്ടില്ലെന്ന് ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് തെളിയിക്കേണ്ടതുമുണ്ട്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത് രണ്ട് തവണ യു പി സന്ദർശിക്കുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ അടുത്ത ദിവസവും ആർ എസ് എസ് മേധാവി, യോഗി ആദിത്യനാഥുമായി ചർച്ച നടത്തിയിരുന്നു. യു പി ഉപതിരഞ്ഞെടുപ്പിനെ മറ്റു തിരഞ്ഞെടുപ്പിനേക്കാൾ ഗൗരവത്തോടെയാണ് ആർ എസ് എസ് കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അടിപതറിയത് യു പിയിലാണ്. 400 സീറ്റെന്ന മോഹവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് പ്രതീക്ഷിച്ച വിജയം യു പിയിൽ നേടാനാകാത്തതുകൊണ്ടായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു പിയിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ഇന്ത്യ മുന്നണിയിലെ സമാജ്്വാദി പാർട്ടിയാണ്. 80 ലോക്സഭാ സീറ്റുകളിൽ അഖിലേഷ് യാദവിന്റെ എസ് പി 37ഉം കോൺഗ്രസ്സ് ഏഴും സീറ്റുകൾ നേടുകയുണ്ടായി. ബി ജെ പിക്ക് ലഭിച്ചത് 33 സീറ്റുകളാണ്. ബി ജെ പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ രണ്ടും അപ്‌നാ ദൾ (സോണിലാൽ), ആസാദ് സമാജ് പാർട്ടി (കാൻഷി റാം) എന്നിവ ഓരോ സീറ്റ് വീതവും നേടി.
യു പി നിയമസഭയിൽ ഒഴിഞ്ഞുകിടക്കുന്നത് പത്ത് സീറ്റുകളാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഒമ്പത് മണ്ഡലങ്ങളിലാണ്. അംബേദ്കർ നഗർ ജില്ലയിലെ കതേഹരി, മെയിൻപുരിയിലെ കർഹാൽ, കാൺപൂർ സിറ്റിയിലെ സിസാമാവു, അലിഗഢിലെ ഖൈർ, പ്രയാഗ് രാജിലെ ഫുൽപൂർ, മുസാഫർ നഗറിലെ ഗാസിയാബാദ്, മിർസാപൂരിലെ മജ്‌വാൻ, മൊറാദാബാദിലെ കുന്ദർക്കി, മുസാഫർനഗറിലെ മീരാപൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, സിസാമാവു, കതേഹാരി, കർഹാൽ, മിൽകിപൂർ, കുന്ദർക്കി എന്നീ അഞ്ച് സീറ്റുകളിൽ ജയിച്ചത് സമാജ്്വാദി പാർട്ടിയാണ്. ഫുൽപൂർ, ഗാസിയാബാദ്, മജ്‌വാൻ, ഖൈർ മണ്ഡലങ്ങൾ ബി ജെ പിക്ക് ലഭിച്ചു. മീരാപൂർ സീറ്റ് നേടിയത് സമാജ്്വാദി പാർട്ടി സഖ്യകക്ഷിയായിരുന്ന രാഷ്ട്രീയ ലോക്ദളാണ്. രാഷ്ട്രീയ ലോക്ദൾ ഇത്തവണ എൻ ഡി എ മുന്നണിയിലാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സീറ്റിലും ബി എസ് പി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണയോഗങ്ങളിൽ പങ്കെടുത്ത അധ്യക്ഷ മായാവതി കാര്യമായ പ്രചാരണം സ്വന്തം സംസ്ഥാനത്തെ സ്ഥാനാർഥികൾക്കുവേണ്ടി നടത്തിയിട്ടില്ല. സമാജ്‌വാദി പാർട്ടിയെ പരാജയപ്പെടുത്താനും ബി ജെ പിയെ സഹായിക്കാനുമാണ് ബി എസ് പി സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നതെന്ന ആക്ഷേപമുണ്ട്. ഈ മാസം 13ന് നിശ്ചയിച്ച യു പിയിലെ ഉപതിരഞ്ഞെടുപ്പ് പിന്നീട് കേരളത്തിലെ പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളോടൊപ്പം നവംമ്പർ 20ലേക്ക് മാറ്റുകയായിരുന്നു. 23നാണ് ഫലമറിയുന്നത്.
കാർത്തിക പൂർണിമ സ്‌നാന ഉത്സവമായതിനാലാണ് യു പിയിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. തീയതി മാറ്റത്തെ ബി ജെ പി സ്വാഗതം ചെയ്യുകയുണ്ടായി. എന്നാൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. മുൻ നിശ്ചയപ്രകാരം 13ന് തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ടുചെയ്യാൻ അവസരം ലഭിക്കുമായിരുന്നു.
സംസ്ഥാന സർക്കാറിന്റെ വീഴ്ചകാരണം മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപ്പോയ വോട്ടർമാരെ ബി ജെ പി ഭയക്കുന്നത് കൊണ്ടാണ് വോട്ടിംഗ് തീയതിയിൽ മാറ്റം വരുത്തിയതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എം എൽ എ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഒമ്പത് സീറ്റുകളും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്്വാദി പാർട്ടിയിലെ ഇർഫാൻ സോളങ്കി തിരഞ്ഞെടുക്കപ്പെട്ട കാൺപൂരിലെ സിസാമാവു സീറ്റും ഒഴിഞ്ഞു
കിടക്കുകയാണ്.
അയോധ്യയിലെ മിൽക്പൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കയാണ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനെ പ്രതിപക്ഷപാർട്ടികൾ ചോദ്യം ചെയ്തിരുന്നു. അയോധ്യ ക്ഷേത്രത്തിന്റെയും പ്രാണപ്രതിഷ്ഠയുടെയും പേരിൽ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാമെന്ന് കരുതിയ ബി ജെ പിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകിയ ഫൈസാബാദ് മണ്ഡലത്തിൽ പെടുന്നതാണ് മിൽക്പൂർ നിയമസഭാ മണ്ഡലം. കഴിഞ്ഞ തവണ ഇവിടെ നിന്ന് വിജയിച്ച സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് പരാജയപ്പെട്ട സ്ഥാനാർഥിയും മുൻ ബി ജെ പി. എം എൽ എയുമായ ഗോരഖ് നാഥ് കോടതിയിൽ കേസ് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ മിൽകിപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാനം പുറത്തുവന്നതിനുശേഷം ബി ജെ പി നേതാവ് കേസ് പിൻവലിച്ചുവെങ്കിലും മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ല.
ഉപതിരഞ്ഞെടുപ്പിലെ പ്രധാന മത്സരം ബി ജെ പിയും എസ് പിയും തമ്മിലാണ്. ഇന്ത്യ മുന്നണിയിൽ നിന്ന് മത്സരിക്കുന്നത് സമാജ്‌വാദി പാർട്ടി മാത്രമാണ്. അഞ്ച് സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസ്സിന് സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തത് രണ്ട് സീറ്റുകളായിരുന്നു. കഴിഞ്ഞ തവണ ബി ജെ പി ജയിച്ച ഖൈറും ഗാസിയാബാദുമാണ് ആ രണ്ട് സീറ്റുകൾ. ഈ സീറ്റുകളിൽ മത്സരിക്കാൻ വിസമ്മതിച്ച കോൺഗ്രസ്സ് ഒമ്പത് മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എട്ട് സീറ്റുകളിൽ ബി ജെ പി മത്സരിക്കുമ്പോൾ മീരാപൂർ മണ്ഡലം സഖ്യകക്ഷിയായ ആർ എൽ ഡിക്ക് നൽകിയിരിക്കുകയാണ്. മീരാപൂർ മണ്ഡലത്തിൽ ആർ എൽ ഡി ചിഹ്നത്തിൽ മത്സരിക്കുന്നത് ബി ജെ പി നേതാവ് മിഥ്‌ലേഷ് പാലാണ്. 2012ൽ ബി എസ് പിയും 2017ൽ ബി ജെ പിയും 2022ൽ ആർ എൽ ഡിയും ജയിച്ച മണ്ഡലമാണ് മീരാപൂർ. ഈ ഉപതിരഞ്ഞെടുപ്പിനെ 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.