feature
ഇഷ്ടം കവരുന്ന കഥ പറച്ചിലുകാരൻ
അക്കാലത്തെ പ്രസിദ്ധ പാട്ട് രചയിതാക്കളും പാട്ടുകാരുമായ കെ ടി മൊയ്തീൻ, എ വി മുഹമ്മദ്, കെ ടി മുഹമ്മദ്, നീലിമാവുങ്ങൽ ബീരാൻകുട്ടി തുടങ്ങിയവർക്കൊപ്പമാണ് പാട്ടുകൾ പാടിയത്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി പതിനയ്യായിരത്തിലേറെ വേദികളിലാണ് തൃക്കുളം കൃഷ്ണൻകുട്ടി പരിപാടി അവതരിപ്പിച്ചിട്ടുള്ളത്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടുകളുടെയും കിസ്സപ്പാട്ടുകളുെടെയും ഇശലിലുള്ള പാട്ടുകളാണ് ഇദ്ദേഹത്തിന്റെ കഥാപ്രസംഗത്തിലെ പാട്ടുകൾ. ബീരാൻ കാക്കയും രാമനും തമ്മിൽ ചായക്കടയിൽ വെച്ച് നടക്കുന്ന രാഷ്ട്രീയ സംഭാഷണ വിഷയമാണ് ഇദ്ദേഹത്തിന്റെ എല്ലാ കഥയിലെയും പ്രതിപാദ്യ വിഷയം.

വേദികളിൽ നിന്ന് വേദികളിലേക്ക് കടന്ന് ദിവസവും അൻപതും അറുപതും പരിപാടികൾ അവതരിപ്പിച്ച് ശ്രോദ്ധാക്കളുടെ മനം കവർന്ന ശ്രദ്ധേയനായ കലാകാരനാണ് എൺപത്തഞ്ചുകാരനായ കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി. എട്ടാം വയസ്സിൽ തുടങ്ങിയ പാടൽ 85 വയസ്സ് കഴിഞ്ഞിട്ടും തുടരുകയാണ്.മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് തൃക്കുളം പരേതനായ ചാക്കേരി പുതിയാട്ടിൽ കുട്ടികൃഷ്ണൻ നായരുടെയും കുഞ്ചിയമ്മയുടെയും മകനാണ് ഈ കഥപറച്ചിലുകാരൻ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ പാട്ട് പാടിയിരുന്നു. കല്യാണ വീടുകളിലാണ് അന്നൊക്കെ പാട്ട് പാടിയിരുന്നത്. പാട്ട് സംഘത്തിലെ കൂലിപ്പാട്ടുകാരനായിട്ടാണ് പോകാറുള്ളത്. അന്നൊക്കെ രാത്രിക്കല്യാണമായിരുന്നു. പുലർച്ചെയാണ് കല്യാണം സമാപിക്കുക. ഒരു രൂപയാണ് സംഘം തന്നിരുന്നത്. ചോറും പോത്തിറച്ചി വരട്ടിയതും കുമ്പളങ്ങക്കറിയുമായിരുന്നു കല്യാണങ്ങൾക്ക് പ്രധാനമായി ഭക്ഷണം ഉണ്ടായിരുന്നത്.
ചെമ്മാട് സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകവും വസ്ത്രവും ഉച്ചക്ക് ഭക്ഷണവും ഫ്രീയായി കിട്ടുമെന്നറിഞ്ഞ് ഈ സ്കൂളിൽ നിന്ന് തൃക്കുളം വെൽഫെയർ സ്കൂളിലേക്ക് മാറുകയായിരുന്നു. പാട്ട് പാടാൻ പോകുന്നതുകൊണ്ട് ഇടക്കൊക്കെ മാത്രമേ സ്കൂളിൽ പോകാറുള്ളൂ. എന്നിട്ടും അഞ്ചാം ക്ലാസ്സിൽ ഒമ്പത് മാസം വരേ പോയി പിന്നെ സ്കൂൾ പഠനം നിർത്തി.
പിന്നീടാണ് അക്കാലത്തെ പ്രസിദ്ധ പാട്ടു രചയിതാക്കളും പാട്ടുകാരുമായ കെ ടി മുഹമ്മദ്, കെ ടി മൊയ്തീൻ, എ വി മുഹമ്മദ്, നീലിമാവുങ്ങൽ ബീരാൻകുട്ടി തുടങ്ങിയവർക്കൊപ്പം പാട്ടുകൾ പാടിയത്. ആദ്യകാലത്ത് കോൺഗ്രസിന്റെ പല പരിപാടികളിലും പാട്ടുകൾ പാടിയിരുന്നു. ശേഷമാണ് ഇടത് പക്ഷ സഹയാത്രികനായത്.
പാർട്ടിയുടെ ജാഥക്ക് മുന്നിലും പിന്നിലുമായി ഒറ്റക്ക് പാട്ടുപാടും. ആരെങ്കിലും നൽകുന്ന നാണയത്തുട്ടുകളായിരുന്നു ജീവിത മാർഗം. പിന്നീട് നീണ്ട 47 വർഷം സി പി എമ്മിന്റെ വേദിയായ വേദികളിലെല്ലാം നിറഞ്ഞ സദസ്സിനു മുന്നിൽ ആനുകാലിക രാഷ്ട്രീയം വിശകലനം ചെയ്യുന്ന ഹാസ്യ കഥാപ്രസംഗങ്ങളും ഗാനങ്ങളും അവതരിപ്പിക്കലായി. ഇന്ന് ഇദ്ദേഹം കേരള രാഷ്ട്രീയത്തിന് സുപരിചിതനാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി പതിനയ്യായിരത്തിലേറെ വേദികളിലാണ് ഇദ്ദേഹം പരിപാടി അവതരിപ്പിച്ചിട്ടുള്ളത്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടുകളുടെയും കിസ്സപ്പാട്ടുകളുടെയും ഇശലിലുള്ള പാട്ടുകളാണ് ഇദ്ദേഹത്തിന്റെ കഥാപ്രസംഗത്തിലെ പാട്ടുകൾ. ഒരു ബീരാൻ കാക്കയും രാമനും തമ്മിൽ ചായക്കടയിൽ വെച്ച് നടക്കുന്ന രാഷ്ട്രീയ സംഭാഷണ വിഷയമാണ് ഇദ്ദേഹത്തിന്റെ എല്ലാ കഥയിലെയും പ്രതിപാദ്യവിഷയം.
1972 ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തു നിന്നുള്ള നിവേദക സംഘം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കണ്ട് വിഷയം ധരിപ്പിക്കാൻ പോയ സംഭവത്തെ ചിത്രീകരിച്ച് കഥാപ്രസംഗമാക്കിയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. “ഡൽഹി ദൗത്യം’ എന്ന പേരിലുള്ള ഈ കഥാപ്രസംഗം കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചയായതാണ്. “ആരംഭപുതുതങ്ക ഗാന്ധി പെങ്ങക്കറിയുവാൻ,
നേരായ ഹരജി ഒന്നുണ്ടേ, ഇപ്പോൾ ഖൈറായി ഭരിക്കുവാൻ,
അയ്രി ലേശം തന്നിടേണം
പോരായ്മ വരുത്തല്ലെ തേനേ ‘… എന്ന പാട്ടും അതിന് മറുപടിയായി ഇന്ദിരാ ഗാന്ധി പറഞ്ഞതിനെ ചിത്രീകരിക്കുന്ന “എന്റെ അച്ഛനെ കരിവാരിത്തേച്ചു കാണിക്കാൻ,
കച്ചകെട്ടി ഇറങ്ങിയോ ദുഷ്ടന്മാർ ചൊല്ലുന്നു ഭാരതരത്നം വേണ്ടയോ, ഭാരത ഭരണം മതിയോ ജിന്ന ലീഗിന്റെ തുടർച്ചയോ…..?’
എന്ന വരികളും അതിന് മറുപടിയായി നിവേദക സംഘം പാടിയതായി ഇദ്ദേഹം ചിത്രീകരിക്കുന്ന വരികൾ ഇങ്ങനെ:
“പത്രക്കാരൊക്കെയും ഞങ്ങൾക്കെതിരാണ്,
വാർത്തകളൊക്കെയും,
വളച്ചിട്ടൊടിച്ചോവർ
ഹഖെന്ന് തോന്നല്ലെ
ഗാന്ധ്യമ്മെ എന്നോവർ
രാഷ്ട്രീയ എതിരാളികൾ പോലും ഏറെ ഹാസ്യമായിട്ടാണ് ഇവ കേട്ടിരുന്നത്. വർഗീയ ഫാസിസ്റ്റ് ശക്തികൾ ബാബ്്രി മസ്ജിദ് തകർത്ത പശ്ചാത്തലത്തിൽ ഇദ്ദേഹം അവതരിപ്പിച്ച പ്രതിക്കൂട്ടിൽ എന്ന കഥാപ്രസംഗവും ആയിരത്തിലേറെ വേദികളിലാണ് അവതരിപ്പിച്ചത്. മണ്ണിന്റെ മാറിൽ, ഗരീബി ഹഠാവൂ, ജാഗ്രത, മാന്ത്രിക വടി, കുമ്പസാരം, മുതലക്കണ്ണീർ , മാതൃകാ പുരുഷൻ, രണ്ടും രണ്ടല്ല, യുവതുർക്കി തുടങ്ങിയ നാൽപ്പതോളം കഥാപ്രസംഗങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാം ഏറെ പ്രസിദ്ധമാണ്. പഴയ മാപ്പിളപ്പാട്ടുകളുടെ ഇശലിലാണ് ഇതിലെ എല്ലാ പാട്ടുകളും.
1977ൽ തിരൂരിൽ ഇ എം എസ് നമ്പൂതിരിപ്പാട് പങ്കെടുത്ത ഒരു സമ്മേളനത്തിൽ ഇദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചതിനെ തുടർന്ന് ആ ഭാഗത്ത് തൊട്ടടുത്ത ദിവസം 80 ലേറെ വേദികളാണ് ഇദ്ദേഹത്തിന് നാട്ടുകാർ ഒരുക്കിയത്. സി പി കുഞ്ഞുവിന്റെ പ്രസംഗവും ശേഷം തൃക്കുളം കൃഷ്ണൻകുട്ടിയുടെ കഥാപ്രസംഗവും ഉണ്ടെങ്കിൽ അത് കേൾക്കാൻ ഒരു കാലത്ത് ആളുകൾ തടിച്ചു കൂടാറുണ്ട്. ആനുകാലിക രാഷ്ട്രീയ സംഭവങ്ങൾ തനി നാടൻ ശൈലിയിൽ അവതരിപ്പിക്കലായിരുന്നു ഇദ്ദേഹത്തിന്റെ രീതി.
ഒരിക്കൽ പ്രമുഖ പണ്ഡിതനും പ്രശസ്ത ഇസ്്ലാമിക പ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി പന്താരങ്ങാടിയിൽ പ്രഭാഷണത്തിന് വന്നപ്പോൾ പരിസരത്ത് തൃക്കുളം കൃഷണൻകുട്ടിയുടെ പരിപാടി നടക്കുന്നുണ്ടായിരുന്നു. പരിപാടി ശ്രദ്ധിച്ചു കേട്ട വൈലിത്തറ അദ്ദേഹത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും സംഘാടകരെ വിവരം അറിയിച്ചതിനെ തുടർന്ന് കൃഷ്ണൻകുട്ടി എത്തുകയും ചെയ്തു. പള്ളിയുടെ പടിപ്പുരക്കൽ വെച്ച് ഇരുവരും ഏറെ നേരം സംസാരിക്കുകയും കഥാപ്രസംഗം വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. കൃഷ്ണൻകുട്ടിയുടെ കഥാപ്രസംഗത്തിലെ കാലികമായ വിഷയവും പാട്ടിന്റെ ഘടനയും അവതരണ ശൈലിയും വൈലിത്തറക്ക് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയുകയുണ്ടായി.
പാണക്കാട് പി എസ് എ പൂക്കോയ തങ്ങളുമായി വലിയ ബന്ധവും ഇടക്കിടെ പാണക്കാട് പോയി തങ്ങളെ കാണാറുണ്ടെന്നും കൃഷ്ണൻകുട്ടി ഓർക്കുന്നു. പണിക്കോട്ടുംപടിയിൽ ഒരു വീട് ഉദ്ഘാടന പരിപാടിയിലാണ് പൂക്കോയ തങ്ങളെ ആദ്യമായി കാണുന്നത്. കൃഷ്ണൻകുട്ടി അവിടെ പാട്ടുപാടുന്നതിനിടക്കാണ് വീട് ഉദ്ഘാടനം ചെയ്യേണ്ട പൂക്കോയ തങ്ങൾ എത്തുന്നത്. അപ്പോൾ ആളുകൾ പാട്ടു നിർത്താൻ പറഞ്ഞു. നിർത്തി. അപ്പോൾ പൂക്കോയ തങ്ങൾ ആ പാട്ട് ഒന്നുകൂടി പാടാൻ പറഞ്ഞു. അപ്പോൾ ആരോ ചോദിച്ചു ആ നായരുട്ടിയോ? എന്ന്. തങ്ങളുടെ ആവശ്യപ്രകാരം വീണ്ടും പാടി.
“ഖാത്തിമന്നബി മകൾ ബീവി
ഫാത്വിമത്തി സ്സുഹ്റ മണവാളൻ
അലിയാർ ……. ‘
എന്ന പാട്ടാണ് പാടിയത്.
അതിന് ശേഷം പലപ്പോഴും പാണക്കാട് പോകാറുണ്ട്. എത്ര ആൾത്തിരക്കുണ്ടെങ്കിലും പൂക്കോയ തങ്ങൾ തന്നെ കാണുമ്പോൾ വിളിക്കുകയും കൈയിൽ എന്തെങ്കിലും തരികയും ചെയ്യാറുണ്ടെന്ന് കൃഷ്ണൻകുട്ടി ഓർക്കുന്നു. പല സ്ഥലങ്ങളിലും കഥാപ്രസംഗം അവതരിപ്പിക്കുന്നതിനിടയിലും പരിപാടി കഴിഞ്ഞ് തിരിച്ചുപോരുമ്പോഴും എതിരാളികളിൽ നിന്ന് പല അക്രമങ്ങളും ഉണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. അടിയന്തരാവസ്ഥയെ തുടർന്ന് ഇദ്ദേഹത്തിന്റെ കഥാപ്രസംഗം നിരോധിക്കുകയും പല സഹപ്രവർത്തകരേയും പോലീസ് ജയിലിലടയ്ക്കുകയും ചെയ്തപ്പോൾ ഇദ്ദേഹം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്.
മുൻ മന്ത്രിയും മുൻ എംപിയുമായ പരേതനായ ഇ കെ ഇമ്പിച്ചിബാവ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, ബാപ്പു വേങ്ങര തുടങ്ങിയവരാണ് കഥാപ്രസംഗത്തിന് രാഷ്ട്രീയ ചരിത്രം തയ്യാറാക്കിക്കൊടുത്തിരുന്നത്. ഇദ്ദേഹവും ബാപ്പു വേങ്ങരയും തന്നെയാണ് പാട്ടുകൾ ഉണ്ടാക്കിയിരുന്നത്. ഇദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾ പലതും ചലച്ചിത്രമായിട്ടുണ്ട്. ആകാശവാണിയിൽ സ്ഥിരമായി പരിപാടി അവതരിപ്പിച്ചിരുന്നു. അനാരോഗ്യം കാരണം ഇപ്പോൾ 12 വർഷമായി പരിപാടികൾക്ക് പോകാറില്ലെങ്കിലും അവസരം ലഭിക്കുമ്പോൾ പാട്ട് പാടും.
2016 ഒക്ടോബർ ഒമ്പതിന് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നിയൂർ തലപ്പാറയിൽ “മമ്പുറം തങ്ങളും കോന്തു നായരും നാടുണർത്തിയ സൗഹൃദം’ എന്ന ശീർഷകത്തിൽ നടന്ന മാനവ സംഗമത്തിൽ ഇദ്ദേഹം പങ്കെടുത്ത് പാട്ട് പാടിയിരുന്നു. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ആത്മകഥയിൽ ഒന്നിലധികം സ്ഥലങ്ങളിൽ തൃക്കുളം കൃഷ്ണൻകുട്ടിയെ പരാമർശിക്കുന്നുണ്ട്.
കേരള സർക്കാറിന്റെ മലയാള കഥാപ്രസംഗകലാ അക്കാദമി പുരസ്കാരം, കാഥിക ശ്രേഷ്ഠാ അവാർഡ്, കൊൽക്കത്ത പശ്ചിമ ബംഗാൾ ലയധായാം പുരസ്കാരം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പുരസ്കാരം, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പുരസ്കാരം തുടങ്ങി നൂറിലേറെ അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേവലം അഞ്ചാം ക്ലാസ്സ് വരേ മാത്രം സ്കൂളിൽ പഠിച്ചിട്ടുള്ള ഇദ്ദേഹം ആദ്യകാലത്ത് വിവാഹം, കുറിക്കല്യാണം, പുര കെട്ട് കല്യാണം, സുന്നത്ത് കല്യാണം തുടങ്ങിയ ആഘോഷങ്ങളിൽ പാട്ടു പാടിയാണ് കലാവൈഭവം തെളിയിക്കുന്നത്. ആദ്യകാലത്ത് ജീവിത പ്രാരാബ്ധം കാരണം തിരൂരങ്ങാടിയിലെ ഗാനരചയിതാവും ഗായകനുമായിരുന്ന പരേതനായ എ ടി മുഹമ്മദിനോടൊപ്പം ഇന്ത്യയിലെ മിക്ക സംസ്ഥാനത്തുമുള്ള മലയാളികൾ താമസിക്കുന്ന സ്ഥലത്ത് ചെന്ന് പാട്ടുകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. അന്തമാൻ നിക്കോബാറിലും 1967 ൽ എ ടിയുടെ കൂടെ ലക്ഷദ്വീപിലും പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ട് എങ്ങനെ പാടണമെന്നും അതിൽ വരുന്ന അറബി പദങ്ങൾ ഉച്ചരിക്കേണ്ട രൂപവുമെല്ലാം എ ടി മുഹമ്മദ് ആണ് കൃഷ്ണൻകുട്ടിക്ക് പരിശീലിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ സാമൂഹിക നീതി വകുപ്പ് വയോജന കൗൺസിൽ അംഗമാണ്. തിരൂരങ്ങാടിക്ക് സമീപം കരുമ്പിലാണ് ഇപ്പോൾ താമസം. ഭാര്യ: പരേതയായ മാധവിക്കുട്ടി. മക്കൾ: വിക്രമൻ, വിജയൻ, വാണിജയശ്രീ, വസന്ത, പരേതനായ വിനോദ്.