Connect with us

Kerala

ഒന്‍പത് വയസുകാരിയെ കോമ സ്‌റ്റേജിലാക്കിയ വടകരയിലെ വാഹനാപകടം; വാഹനം കണ്ടെത്തി, പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടു

സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു

Published

|

Last Updated

കോഴിക്കോട്  | വടകരയില്‍ ഒന്‍പത് വയസുകാരി ദില്‍ഷാനയെ കോമ സ്റ്റേജിലാക്കിയ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാര്‍. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.അപകടം നടന്ന പത്ത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്. അപകട ശേഷം വാഹനത്തിന് രൂപമാറ്റം നടത്തിയിരുന്നു. 50,000 ഫോണ്‍ വിളികളും 19,000ത്തോളം വാഹനങ്ങളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ വാഹനം കണ്ടെത്തിയിരിക്കുന്നത്.

മതിലില്‍ ഇടിച്ച കാര്‍ ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇങ്ങനെയാണ് പ്രതിയില്‍ എത്തിച്ചേര്‍ന്നത്. അപകടത്തിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ് പി പി നിധിന്‍ രാജ് വ്യക്തമാക്കി.ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം കാര്‍ കണ്ടെത്താന്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. അതേ സമയം ഇപ്പോഴും ചികിത്സയില്‍ തുടരുന്ന ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആറ് മാസമായി കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം.

 

Latest