First Gear
കണ്ണൂർ താനെയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആഡംബര കാറിന് തീപിടിച്ചപ്പോൾ
കണ്ണൂർ | സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. കണ്ണൂർ താനെയിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ കാർ തീപിടിത്ത കേസാണിത്.
രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചിരുന്നു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാറിന്‍റെ മുന്നിൽനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി.
സെപ്തംബർ 12ന് കോഴിക്കോട് പന്തീരാങ്കാവ് മെട്രോ ഹോസ്‌പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. കാർ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാർ സംഭവിക്കുകയും കാർ നിർത്തിയിട്ട് ബോണറ്റ് തുറന്നു പരിശോധിക്കുന്ന സമയത്ത് പെട്ടെന്ന് തീയും പുകയും ഉയരുകയുമായിരുന്നു. ആർക്കും പരുക്കില്ല.
സെപ്തംബർ ഒൻപതിന് കൊല്ലം ചിതറയിലും ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. അപകടത്തിൽ ആളപായം ഇല്ല. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി ആളുകൾ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ തിങ്കളാഴ്ച കാസർഗോഡ് മുള്ളേരിയയിൽ കാടകം കർമംതോടിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. കർമംതോടി കാവേരി തിയറ്ററിന് മുൻവശത്തായിരുന്നു സംഭവം.