Connect with us

Kerala

ബോണറ്റില്‍ തേങ്ങ വീണതിനെ തുടര്‍ന്ന് വെട്ടിച്ച കാര്‍ അതേ തെങ്ങില്‍ ഇടിച്ച് കത്തി നശിച്ചു; കാറിലുണ്ടായിരുന്ന കുടുംബം നിസാര പരുക്കുകളോട് രക്ഷപ്പെട്ടു

ബിജുവിന്റെ ഭാര്യ ജീനയാണ് കാര്‍ ഓടിച്ചിരുന്നത്. പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോന്‍ എന്നിവരും ഉണ്ടായിരുന്നു

Published

|

Last Updated

തിരുവല്ല  | തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. ഇതേത്തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി പാഞ്ഞ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അപകടം. ഇരുവെള്ളിപ്ര പുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത് .ബിജുവിന്റെ ഭാര്യ ജീനയാണ് കാര്‍ ഓടിച്ചിരുന്നത്. പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോന്‍ എന്നിവരും ഉണ്ടായിരുന്നു. ജീനയുടെ തിരുമൂലപുരത്തുള്ള ഡിറ്റിപി സെന്റര്‍ അടച്ച് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

റോഡരുകിലുള്ള തുറന്ന ഓടയും മറികടന്നാണ് തെങ്ങിലിടിച്ച് കാര്‍ നിന്നത്.
നാട്ടുകാര്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് കാര്‍ കത്താന്‍ തുടങ്ങിയത്. തീയണക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിവരം അറിഞ്ഞ് തിരുവല്ലയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ എസ് അജിത്ത്, സീനിയര്‍ ഫയര്‍ ആന്റ്‌റെസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ സൂരജ്മുരളി, ഷിജു, രഞ്ജിത്, ഷിബിന്‍രാജ്, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍
തിരുവല്ല താലൂക്കാശുപത്രിയില്‍ പ്രാഥമിക ശിശ്രൂഷകള്‍ക്ക് ശേഷം പരിക്ക് കാര്യമല്ലാത്തതിനാല്‍ ജീനയും മക്കളും വീട്ടിലേക്ക് മടങ്ങി.

 

Latest