Kerala
കാട്ടാകടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്
അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം | മകളുടെ മുന്നില്‍വെച്ച് പിതാവിനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത. ഐ പി സി 143, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കട്ടാക്കട പോലീസ് കേസെടുത്തത്. നേരത്തെ കാട്ടാക്കട ഡി വൈ എസ് പി ആശുപത്രിയിലെത്തി മര്‍ദനമേറ്റ ആമച്ചല്‍ സ്വദേശി പ്രേമനന്ദനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്യായമായി തടഞ്ഞുവെക്കല്‍, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ കേസെടുത്തത്.
സംഭവത്തില്‍ ഹൈക്കോടതിയും റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ കെ എസ് ആര്‍ ടി സി അധികൃതരോട് ഗതാഗതമന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍്ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയും അറിയിച്ചിരുന്നു.
കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രേമനും രണ്ട് പെണ്‍ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒരു മുറിയിലേക്ക് കൊണ്ടുപോയാണ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.