Connect with us

sexual harassment

യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ കേസ്

തന്നെയും പ്രസ്‌ക്ലബിനെയും തകര്‍ക്കാനുള്ള ശ്രമമെന്നു രാധാകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വികള്‍ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്.

കഴിഞ്ഞ മൂന്നിനു രാത്രിയിലാണു സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആള്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെ വിവിധ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. പാറ്റൂരിലെ ഒരു ക്യാമറയില്‍ നിന്നാണ് രാധാകൃഷ്ണന്‍ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോണ്‍മെന്റ് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. യുവതിയുമായി റോഡില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായെന്ന് രാധാകൃഷ്ണന്‍ സമ്മിതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

തന്നെയും പ്രസ് ക്ലബിനെയും തകര്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഗൂഢശക്തികളാണ് ഈ ആരോപണത്തിനു പിന്നിലെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. മറ്റാരോ തെറി വിളിച്ചതിനെ താനാണെന്നു കരുതിയതാകും സ്ത്രീ പരാതി നല്‍കിയതെന്നാണു രാധാകൃഷ്ണന്‍ പറയുന്നത്. ആരോ തെറി വിളിച്ചതിന് നടുറോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ സ്ത്രീ തന്നെ തെറിവിളിച്ചതായും നടുറോഡില്‍ ഒരു സീനുണ്ടായാല്‍ സത്യം ബോധ്യപ്പെടുത്താന്‍ കഴിയാതെ ഉണ്ടാകുന്ന മാനഹാനി ഭയന്നു താന്‍ ഗതി മാറ്റി വാഹനം ഓടിച്ചു പോയെന്നുമാണ് രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറയുന്നത്.