Kerala
സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസ്; ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചു
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്.
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. പ്രതികളായ ഡി വൈ എഫ് ഐ നേതാക്കളുടെ ജാമ്യാപേക്ഷ കോഴിക്കോട് സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്. പ്രതികളെ നാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
പൊതുസേവകരുടെ ജോലി തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് പ്രതികള്‍ക്കെതിരെ പോലീസ് ഐ പി സി 333 വകുപ്പും ചുമത്തിയിരുന്നു. 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
സെപ്തംബര്‍ നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനും അക്രമി സംഘത്തിന്റെ മര്‍ദനമേറ്റിരുന്നു.