Kerala
സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ 23ന് വിധി
ഡി വൈ എഫ് ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍, പ്രാദേശിക നേതാക്കളായ എം കെ അശ്വിന്‍, കെ രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
കോഴിക്കോട് | മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ 23ന് വിധി പറയും. ഡി വൈ എഫ് ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍, പ്രാദേശിക നേതാക്കളായ എം കെ അശ്വിന്‍, കെ രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. പ്രതികള്‍ക്കെതിരെ ഐ പി സി 333 വകുപ്പായ പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ കൂടി ചേര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
കഴിഞ്ഞ മാസം 31നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. അരുണിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘമാണ് മര്‍ദിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു.