Kerala
ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസ്; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ഇന്ന് രാവിലെ പതിനൊന്നരയോടെ അര്‍ത്തുങ്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
ആലപ്പുഴ| ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഇന്ന് രാവിലെ പതിനൊന്നരയോടെ അര്‍ത്തുങ്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ അമ്മയും സുഹൃത്ത് കൃഷ്ണകുമാറും ഒളിവില്‍ പോയിരുന്നു. അര്‍ത്തുങ്കല്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കുത്തിയതോട് പോലീസിന് കൈമാറി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികള്‍ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേത് ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ കൈ അനക്കാന്‍ കഴിയാത്ത തരത്തില്‍ ഉപദ്രവിച്ച ശേഷം അമ്മ പിതാവിന്റെ വീട്ടിലാക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായി കണ്ടെത്തി. ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒന്നരവയസ്സുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.