Kerala
യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി അപമാനിച്ച കേസ്; പ്രതി അറസ്റ്റില്‍
ആലപ്പുഴ തലവടി വെള്ളക്കിണര്‍ മുരുകഭവനം വീട്ടില്‍ വിനയന്‍ എന്ന് വിളിക്കുന്ന ശ്രീകാന്ത് (37)നെയാണ് അറസ്റ്റ് ചെയ്തത്.
തിരുവല്ല | മീന്‍ വാങ്ങാന്‍ പോയ യുവതിയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയും, തുടര്‍ന്ന് ഹോട്ടലില്‍ എത്തിച്ച് അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ തലവടി വെള്ളക്കിണര്‍ മുരുകഭവനം വീട്ടില്‍ വിനയന്‍ എന്ന് വിളിക്കുന്ന ശ്രീകാന്ത് (37)നെയാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ആറിന് വൈകിട്ട് സൈക്കിള്‍ മുക്കില്‍ വച്ചാണ് പരാതിക്കാസ്പദമായ സംഭവം. ഇതിനു ശേഷം യുവതിയെ ഇയാള്‍ നിരന്തരം രാത്രി സമയങ്ങളില്‍ ഫോണില്‍ വിളിച്ച് കൂടെ ഇറങ്ങി വരാന്‍ നിര്‍ബന്ധിക്കുകയും, മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദത്തിലായ യുവതി പിന്നീട് പുളിക്കീഴ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പില്‍, ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കുളത്തെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ അന്വേഷണസംഘം കണ്ടെത്തി. പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ. കെ സുരേന്ദ്രന്‍, എ എസ് ഐ. മിത്ര വി മുരളി, സി പി ഒമാരായ വിനീത്, എസ് സുദീപ് കുമാര്‍, അനൂപ്, നവീന്‍, രവികുമാര്‍, അലോഖ്, അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയിലും യുവതിയുടെ മൊഴി രേഖപ്പെടുത്തി.