National
ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസ്; ജയലളിതയുടെ തോഴി ശശികലയ്ക്ക് അറസ്റ്റ് വാറണ്ട്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ ആയിരിക്കേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്.
ബെംഗളുരു| അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട്. ബെംഗളുരു കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ശശികലയും ഇളവരസിയും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ മുന്തിയ സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്ത് വന്നിരുന്നു. ഇരുവരും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.