Connect with us

Kerala

വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ നിന്നും 300 പവനും ഒരു കോടിയും കവര്‍ന്ന കേസ്; പ്രതി അയല്‍ക്കാരന്‍

 ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ലിജീഷിലേക്കെത്തുന്നത്

Published

|

Last Updated

കണ്ണൂര്‍  | വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നടന്ന വന്‍ കവര്‍ച്ച കേസില്‍ പ്രതി പിടിയില്‍. വ്യാപാരിയുടെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഒരു കോടി രൂപയും മൂന്നൂറ് പവനുമാണ് നഷ്ടമായത്.

അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്.മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായകുന്നത്. പോലീസ് നായ മണംപിടിച്ച് ലിജീഷിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്.ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവര്‍ന്നത്

കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും മോഷ്ടാവ് ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമല്ലെന്ന നിഗമനത്തിലെത്തിയിരുന്നു

ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ലിജീഷിലേക്കെത്തുന്നത്. ഇയാളുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്റഫിന്റെ വീട്ടിലെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കവര്‍ച്ച നടത്തിയത് താന്‍ തന്നെയെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചതായാണ് അറിയുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ ഒരു കോടി രൂപയും മൂന്നൂറ് പവനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

 

Latest