Connect with us

Kerala

മുട്ടില്‍ മരംമുറി കേസ്; എട്ട് കോടി രൂപയോളം പിഴ ഈടാക്കാന്‍ നടപടി തുടങ്ങി

ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Published

|

Last Updated

കല്‍പ്പറ്റ |  മുട്ടില്‍ മരം മുറി കേസില്‍ കനത്ത തുക പിഴയായി ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു എട്ട് കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്.35 കേസുകളിലാണ് ഇത്രയും തുക പിഴയായി ഇടാക്കുക.

പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പിഴ ചുമത്തുക. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്.

---- facebook comment plugin here -----

Latest