Kerala
മുട്ടില്‍ മരംമുറി കേസ്; കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി
മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി, മേപ്പാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം | വയനാട് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി, മേപ്പാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീട്ടിമരത്തിന്റെ ഡി എന്‍ എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക. മറ്റ് കേസുകളില്‍ കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കേസില്‍ ഉള്‍പ്പെട്ട വീട്ടിമരത്തിന്റെ പ്രായ നിര്‍ണയ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ നിന്നുള്ള വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും.
റോജി അഗസ്റ്റിന്‍, ആന്റോ ആഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യ പതികള്‍. ഇവരുടെ സഹായികളും ഭൂവുടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്. താനൂര്‍ ഡി വെ സ് പി. വി വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് 104 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്.