National
ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കരുത്; ഹരജി ഇന്ന് സുപ്രീംകോടതിയില്‍
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി | ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹരജി ഫയല്‍ ചെയ്തത്.
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ എ കാര്‍ത്തിക്ക് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഹരജി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്.