Kerala
13കാരനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച് പിന്നിൽ യാത്ര ചെയ്ത സംഭവത്തിൽ പിതാവിനെതിരെ കേസ്
13കാരന്‍ വണ്ടിയോടിക്കുന്നതും കുട്ടിയുടെ പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.
മഞ്ചേരി | പതിമൂന്നുവയസുള്ള മകനെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്ര ചെയ്ത സംഭവത്തിൽ പിതാവിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. 25,000 രൂപ പിഴയും അടയ്ക്കണം.വാഹനത്തിന്‌റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേത്ത് റദ്ദാക്കുകയും ചെയ്തു.കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് മഞ്ചേരി- അരീക്കോട് റോഡില്‍ പുല്ലൂരില്‍ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാഗത്ത് വെച്ച് പുല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരാം വിധം വണ്ടിയോടിച്ചത്. 13കാരന്‍ വണ്ടിയോടിക്കുന്നതും കുട്ടിയുടെ പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.തുടര്‍ന്ന് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി. തുടര്‍ന്നാണ് പിതാവിനെതിര നടപടിയുണ്ടായിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ വാഹനമോടിച്ച സ്ഥലത്തും പരിസരങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് വണ്ടി ഓടിച്ചവരെ കണ്ടെത്താനായത്. കുട്ടിയുടെ പിതാവ് രണ്ടുമാസം മുമ്പാണ് തൃശ്ശൂരില്‍നിന്ന് സ്‌കൂട്ടര്‍ വാങ്ങിയത്. വാഹനത്തിന്റെ ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലെന്ന് തെളിഞ്ഞതോടെ വാഹന ഉടമക്കെതിരേയും കേസെടുത്തു.