Kerala
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു
സിനിമക്കായി ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
കൊച്ചി|കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്, മറ്റ് ഭാഷകളില്‍ തരംഗം തീര്‍ത്ത ”മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
നേരത്തെ സിനിമയുടെ നിര്‍മാതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. സിനിമക്കായി ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടിയുടെ ബേങ്ക് അക്കൗണ്ടാണ് എറണാകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ച് ഉത്തരവിറക്കിയത്.
ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസ് കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് ഹരജിയിലുള്ളത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് പറയുന്നു. ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
തുടക്കത്തിലേ കുതിച്ച ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം കൈവരിച്ചു. തമിഴ്‌നാട്ടിലും ചിത്രം അതിവേഗം പ്രസിദ്ധി നേടി. മൊഴിമാറ്റം ചെയ്യാതെ തന്നെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.