Kerala
കേസ് നടത്തി, പക്ഷേ പ്രതികള്‍ രക്ഷപെട്ടു ; റിയാസ് മൗലവി വധക്കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി
തെങ്ങില്‍ നിന്നു വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധകേസിലെ മുഖ്യമന്ത്രിയുടെ വാദം
മലപ്പുറം | റിയാസ് മൗലവി വധക്കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കതിരെ പി കെ കുഞ്ഞാലിക്കുട്ടി. കേസ് നടത്തി, പക്ഷേ പ്രതികള്‍ രക്ഷപെട്ടു. വര്‍ത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
തെങ്ങില്‍ നിന്നു വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധകേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
കേസിലെ പ്രതികള്‍ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്.
ഒരുപാട് കേസില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. റിയാസ് മൗലവി വധക്കേസില്‍ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ല. കേസില്‍ പ്രതികളെ രക്ഷപ്പെടുത്തിയതല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിനെ പ്രശംസിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന വസ്തുത എല്ലാവര്‍ക്കും പറയേണ്ടി വരും. ലീഗ് അവശ ജനവിഭാഗങ്ങളോടൊപ്പം, ന്യുനപക്ഷങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നത് ലോകം അംഗീകരിച്ചതാണ്. ബാബ്റി മസ്ജിദ് സംഭവത്തില്‍ ശിഹാബ് തങ്ങള്‍ എടുത്ത നിലപാട് എല്ലാ കാലത്തും ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.