Connect with us

Kerala

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്; കാറിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കിയത് സംഭവ ശേഷം

അപകടത്തിനു ശേഷം ഓണ്‍ലൈന്‍ വഴി ഇന്‍ഷ്വറന്‍സ് പുതുക്കുകയായിരുന്നു

Published

|

Last Updated

കൊല്ലം |  മൈനാഗപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ പുറത്ത്. കൃത്യം നടന്ന സമയം കാറിനു ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. അപകടത്തിനു ശേഷം ഓണ്‍ലൈന്‍ വഴി ഇന്‍ഷ്വറന്‍സ് പുതുക്കുകയായിരുന്നു

മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.മരണത്തിനിടയാക്കിയ കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി 13നു അവസാനിച്ചിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലാണ് കാര്‍.
ഡോക്ടറായ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സത്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കാര്‍ ഉടമയെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.

കേസില്‍ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മദ് അജ്മല്‍ (29), ലുഹൃത്ത് നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.അജ്മലാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ദേശിച്ചതിനാണ് ശ്രീക്കുട്ടിയെ അറസ്റ്റ് ചെയ്തത്. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്