Connect with us

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

എ സി പി സുദര്‍ശന്‍ മുന്‍പാകെയാണ് പ്രതികള്‍ ഹാജരായത്.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ. സി കെ രമേശന്‍, മൂന്നും നാലും പ്രതികളായ നേഴ്സസ് എം രഹന, കെ ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ സി പി സുദര്‍ശന്‍ മുന്‍പാകെയാണ് പ്രതികള്‍ ഹാജരായത്.

CRPC 41A പ്രകാരമാണ് പ്രതികളെ നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയത്. കേസില്‍ കരട് കുറ്റപത്രം തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. ശേഷം വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടും. രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് രേഖപ്പെടുത്തിയിരുന്നു.

അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതികള്‍.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയില്‍ തറച്ചു നില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.