International
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം; പ്രമേയം പാസാക്കി യുഎന്‍ രക്ഷാ സമിതി
യുഎസ് പ്രമേയം ലോക രാജ്യങ്ങള്‍ അംഗീകരിച്ചു. വോട്ടെടുപ്പില്‍ നിന്ന് റഷ്യ വിട്ടുനിന്നു.
ഗസ്സ സിറ്റി| ഗസ്സയില്‍ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി.ഗസ്സയ്‌ക്കെതിരായ ഇസ്‌റാഈലിന്റെ യുദ്ധം ആരംഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. യുഎസ് പ്രമേയം ലോക രാജ്യങ്ങള്‍ അംഗീകരിച്ചു. 15 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളില്‍ 14 പേരും യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് റഷ്യ വിട്ടുനിന്നു. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസിനോട് അംഗീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് 31 ന് പ്രഖ്യാപിച്ച മൂന്ന് ഘട്ടമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആദ്യഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ പൂര്‍ണ്ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍, ഗസ്സയിലെ എല്ലാ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പെടും. രണ്ടാം ഘട്ടത്തില്‍ പുരുഷ സൈനികര്‍ ഉള്‍പ്പടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ ഗസ്സയുടെ ഒരു പ്രധാന പുനര്‍നിര്‍മ്മാണമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഈ നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇസ്‌റാഊലും ഹമാസും ഉടന്‍ തന്നെ ഈ പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ ഉപാധികള്‍ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിര്‍ദേശം. നിര്‍ദ്ദേശത്തിന്റെ നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ പ്രമേയം ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. അതേസമയം പ്രമേയത്തില്‍ ഇസ്‌റാഈല്‍ ഒപ്പിട്ടിരിക്കുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല.