International
കൂട്ടക്കുരുതിക്കിടയിലെ ആഘോഷം; വൈറ്റ് ഹൗസ് ദീപാവലി ക്ഷണം നിരസിച്ച് കനേഡിയന്‍ കവയിത്രി രൂപി കൗര്‍
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചത്.
വാഷിങ്ടണ്‍| വൈറ്റ്ഹൗസ് നവംബര്‍ എട്ടിന് സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് ‘മില്‍ക് ആന്റ് ഹണി’ എന്ന വിഖ്യാത പുസ്തക രചയിതാവും കനേഡിയന്‍ കവയിത്രിയുമായ രൂപി കൗര്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചത്. ദീപാവലി മുന്നോട്ടുവെക്കുന്ന ആശയം ഒരിക്കലും വംശഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടിയും ഗസ്സയിലെ നരനായാട്ടിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുമാണ്, വൈറ്റ് ഹൗസിലെ ആഘോഷത്തില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് രൂപി കൗര്‍ പ്രഖ്യാപിച്ചത്.
വംശഹത്യയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ബൈഡന്‍ കൈകൊള്ളുന്നതെന്നും കൗര്‍ പറഞ്ഞു. യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ആതിഥേയയാകുന്ന വിരുന്നാണ് കൗര്‍ ബഹിഷ്‌കരിച്ചിരിക്കുന്നത് . ഇന്ത്യയില്‍ ജനിച്ച രൂപി കൗര്‍ നാലാം വയസ്സിലാണ് രക്ഷിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയത്. ചെറുപ്പത്തിലേ എഴുത്തിന്റെ ലോകത്തേക്ക് കടന്ന രൂപി കൗര്‍, സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രചനകളിലൂടെ ശ്രദ്ധേയയായിട്ടുണ്ട്.
നെറ്റ്ഫ്‌ളിക്‌സിന്റെ നെവര്‍ ഹാവ് ഐ എവര്‍ സീരിസിലെ നടി റിച്ച മൂര്‍ജാനി, കണ്ടന്റ് ക്രിയേറ്റര്‍ പായല്‍ എന്നിവരും ക്ഷണം നിരസിച്ചവരുടെ കൂട്ടത്തില്‍ ഉണ്ട് .