International
കാറില്‍ അടയ്ക്കപ്പെട്ട കുട്ടി അമിതമായ ചൂട് കാരണം മരിച്ചു
.കുട്ടിയുടെ പിതാവ് 51 കാരനായ ഷോണ്‍ റൗണ്‍സാവാളിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
വാഷിങ്ങ്ടണ്‍ | അമേരിക്കയില്‍ കാറില്‍ അടയ്ക്കപ്പെട്ട രണ്ട് വയസ്സുള്ള കുട്ടി അമിതമായ ചൂട് കാരണം മരിച്ചു. ഫെബ്രുവരി 27ന് അലബാമയിലെ അത്മോറിലാണ് സംഭവം. കുട്ടിയുടെ പിതാവ് 51 കാരനായ ഷോണ്‍ റൗണ്‍സാവാളിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
2023-ല്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ഹോട്ട് കാര്‍ മരണമാണിത്. പിഞ്ചുകുഞ്ഞിനെ പിതാവ് ഡേകെയറില്‍ വിടുന്നതിന് പകരം എട്ട് മണിക്കൂര്‍ കാറില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അറ്റ്മോറിലെ താപനില 80 ഡിഗ്രി ഫാരന്‍ഹീറ്റ് (26.6 ഡിഗ്രി സെല്‍ഷ്യസ്) ആണെന്ന് യുഎസിലെ നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.
107 ഡിഗ്രിയോ അതിലധികമോ ശരീര താപനിലയില്‍ എത്തുമ്പോള്‍, കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആന്തരിക അവയവങ്ങള്‍ ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യും . ഇത് അതിവേഗം മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
രാജ്യത്തുടനീളം ഓരോ വർഷവും 38 കുട്ടികൾ കാറിൽ അടയക്ക്പ്പെട്ട് ചൂട് കാരണം മരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1990 മുതൽ 1,052-ലധികം കുട്ടികൾ ഇത്തരത്തിൽ കാറിൽ മരിച്ചുവെന്നും കുറഞ്ഞത് 7,300 പേരെങ്കിലും പരിക്കുകളോടെ അതിജീവിച്ചുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.