prathivaram book review
മനുഷ്യാവസ്ഥകളുടെ ഇഴകീറി പരിശോധന
തുടക്കം മുതൽ ഒടുക്കംവരെ ഒരു കുറ്റാന്വേഷണത്തിന്റെ ത്രില്ലിൽ വായനക്കാരെ തളച്ചിടുന്ന ഘാതകനിലൂടെ അവർ പറയുന്നത് രസിപ്പിക്കലിന്റെ ഒരു വെറുംകഥയല്ല. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബീഭത്സ മുഖത്തെ വിദഗ്ധമായ പ്രതീകാത്മകതയോടെ വിചാരണ ചെയ്യുന്ന അനേകം സൂചകങ്ങളിലൂടെ നോവൽ മുന്നോട്ടു പോകുന്നു.
മലയാളത്തിൽ ഒരു മുഖവുരയും ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് കെ അർ മീര. അത്രമാത്രം വായനക്കാരിൽ അനുഭൂതിയുടെ മാന്ത്രികത നിറയ്ക്കുന്നതിൽ സമാനതയില്ലാത്ത വിജയം കൈവരിച്ച അനുഗൃഹീതശൈലിയിലാണ് മീരയുടെ പുസ്തകങ്ങളെല്ലാം പിറന്നിരിക്കുന്നത്. ആരാച്ചാർക്കുശേഷം ബൃഹത്തായ 687 പേജിൽ നിറഞ്ഞുനിൽക്കുന്ന “ഘാതകൻ ‘ എന്ന നോവൽ അത് സാക്ഷ്യപ്പെടുത്തുന്നു.
തുടക്കം മുതൽ ഒടുക്കംവരെ ഒരു കുറ്റാന്വേഷണത്തിന്റെ ത്രില്ലിൽ വായനക്കാരെ തളച്ചിടുന്ന ഘാതകനിലൂടെ അവർ പറയുന്നത് രസിപ്പിക്കലിന്റെ ഒരു വെറുംകഥയല്ല. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബീഭത്സ മുഖത്തെ വിദഗ്ധമായ പ്രതീകാത്മകതയോടെ വിചാരണചെയ്യുന്ന അനേകം സൂചകങ്ങളിലൂടെ നോവൽ മുന്നോട്ടു പോകുന്നു. അതിനുമപ്പുറം മനഷ്യമനസ്സിന്റെ വിചിത്രതകളും ബന്ധങ്ങളിലെ ദൃഢതയും അതിലേറെ ബലഹീനതകളും ജീവിതത്തിൽ നേരിട്ടേക്കാവുന്ന അപ്രതീക്ഷിത തിരിച്ചടികളും അതിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നിശ്ചയദാർഢ്യവും സത്യപ്രിയ എന്ന ഒരു സ്ത്രീ കഥാപാത്രത്തിന്റെ അസാമാന്യമായ കരുത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഘാതകൻ മുൻ മാതൃകയില്ലാത്ത ഒരു പുതിയ എഴുത്തു രീതിയിലൂടെ മലയാളി വായനക്കാരെ ശരിക്കും മഥിപ്പിക്കുന്നു.
ഇത്രയും നീണ്ട ഒരു നോവലായതിനാൽ പുസ്തകത്തെ സമഗ്രമായി പരിചയപ്പെടുത്തൽ അസാധ്യവുമാണ്. അപ്പോൾ സത്യപ്രകാശ് എന്നുപേരായ തന്റെ ഘാതകനെ കണ്ടെത്താൻ സത്യപ്രിയ എന്ന യുവതി നടത്തുന്ന കുറ്റാന്വേഷണ യാത്രയായി രചിക്കപ്പെട്ട പുസ്തകം മുന്നോട്ടു വെക്കുന്ന ചില സുപ്രധാന താത്വികാവലോകനങ്ങളിലൂടെ ഒരു ഹ്രസ്വ സന്ദർശനമേ നടക്കൂ.
നോവലിൽ ഒരിടത്ത് സത്യപ്രിയ എന്ന കഥാനായിക സ്വയംവിചാരം കൊള്ളന്നതിങ്ങനെ:
“പണത്തിന്റേതായ എന്തും ഒരുതോന്നലാണ്. സുഭിക്ഷിത, സമൃദ്ധി, പകിട്ട്, പത്രാസ്, ആഭിജാത്യം, ആഢ്യത്വം എല്ലാം … അതൊക്കെ ഉണ്ട് എന്ന് നമ്മൾ തീരുമാനിച്ചാൽ ഉണ്ട്. ഇല്ല എന്നു തീരുമാനിച്ചാൽ ഇല്ല.’ ഏതൊരാൾക്കും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വീകരിക്കാവുന്ന വലിയൊരു മനശ്ശാസ്ത്ര തത്വം ഇതിൽ കഥാകൃത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
മഹിപാൽഷയും സത്യപ്രിയയും നടത്തുന്ന വാദപ്രതിവാദത്തിൽ മഹിപാൽ ഷാ “കാവൽക്കാരനെ രാജാവാക്കിയിട്ടേ അടങ്ങൂ ‘ എന്ന പ്രഖ്യാപനത്തിൽ നോവൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമകാലത്തെ സൂചിപ്പിക്കുന്നു. അതുപോലെ ഒന്നാണ് മൂർത്തി പ്രസാദ് എന്ന ഫ്രൂട്ട് സ്റ്റാൾ ഉടമയും സത്യപ്രിയയും തമ്മിൽ നടക്കുന്ന സംവാദവും.
“കച്ചവടത്തിനു ഒരു മതമേയുള്ളു സാർ അത് ലാഭത്തിന്റെതാണ്. അപ്പോൾ മൂർത്തി പ്രസാദ് ചോദിക്കുന്നത് “നിങ്ങൾ ഏതു നാട്ടുകാരിയാണ്’ ? ഇന്ത്യക്കാരിയാണ്. ഇന്ത്യയിൽ ഏതു സംസ്ഥാനത്തുനിന്നാണ്.?
സംസ്ഥാനം ഏതായാലെന്താ എല്ലാവരും ഇന്ത്യക്കാരല്ലേ.? എന്നാലും ജനിച്ചു വളർന്ന ഒരു സ്ഥലം കാണുമല്ലോ? “കേരളം’ അങ്ങനെ വരട്ടേ, നിങ്ങൾ കമ്മ്യൂണിസ്റ്റാണല്ലേ?
ഒടുവിൽ സത്യപ്രിയ മഹിപാൽഷായോട് “തൊട്ടടുത്ത ഫ്രൂട്ട്‌സ് കടയിൽ വില കുറവാണ് സാർ’ എന്ന് പറയുമ്പോൾ “പക്ഷേ ആ കട ഒരു മുസ്്ലിമിന്റെതല്ലേ ‘ എന്നായി മൂർത്തിയുടെ ഉത്തരം.
ഈ ഒരു സംഭാഷണത്തിൽ നിന്നു തന്നെ ഫാസിസ്റ്റുകളുടെ ഒന്നും രണ്ടും ശത്രുക്കൾ ആരാണെന്ന് അവർ തന്നെ വ്യക്തമാക്കുന്നു എന്ന് ചുരുക്കം.
ഉത്തരേന്ത്യയിൽ അതിവേഗം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ്, വംശീയ ചിന്തകളെ ശരിക്കും എടുത്ത് കുടഞ്ഞെറിയുന്നു ഈ നോവലിലൂടെ കെ ആർ മീര.
സമീർസായിയെന്ന കശ്മീരുകാരനുമായി സത്യപ്രിയക്കുണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് ചോദിക്കുന്ന പോലീസുകാരനോട് അവൾ പറഞ്ഞ മറുപടി “അഞ്ഞൂറിന്റെ നോട്ടുപോലെ ഒരു സുപ്രഭാതത്തിൽ പിൻവലിക്കാവുന്നതാണോ സാർ പ്രേമം’ എന്നായതും നോവലിസ്റ്റ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളിൽ ചിലതു മാത്രമാണ്.
“വയസ്സാകുംതോറും മനുഷ്യർക്ക് ജീവിതത്തിൽ ഒരമ്മ അത്യാവശ്യമാകും. സത്യത്തിൽ അവർ ആശ്രയിക്കുന്നത് അമ്മ എന്ന വ്യക്തിയെ അല്ല അമ്മയെന്ന ആശയത്തെയാണ്’. ഇതുപോലുള്ള താത്വികാവലോകനങ്ങളാൽ സമ്പന്നമായ നോവലിൽ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും തൊട്ടും തലോടിയും വായനയെ ചിന്തകൊണ്ടും പരിപോഷിപ്പിക്കുന്നതായി അനുഭവപ്പെടും.
മനുഷ്യന്റെ ഉയർചതാഴ്ചകളുടെ നൈമിഷികത, അടിസ്ഥാനപരമായി മനുഷ്യരിൽ കുടികൊള്ളുന്ന തിന്മയോടുള്ള അഭിനിവേശം, സമ്പത്തിന്റെ പ്രതാപകാലത്ത് അതിന്റെ ആപത്കരമായ വളർച്ച പ്രാപിക്കൽ. ഇതിന്റെയെല്ലാം ആൾരൂപമായിട്ടാണ് സത്യപ്രിയയുടെ അച്ഛൻ ശിവപ്രസാദിനെ നോവലിൽ ആവിഷ്‌കരിക്കുന്നത്.
സഹനത്തിന്റെയും അതോടൊപ്പം അതിജീവനത്തിന്റെയും പെൺകരുത്തായി അമ്മ വസന്തയും സമീർ സായിദ്, പ്രഭുദേവ്, സ്വാമി മഹേശ്വരി, അശ്വതി ഐ എ. എസ്, ഉലഹന്നാൻ മാമൻ, വേണുക്കുട്ടൻ ചേട്ടൻ, അടിക്കടി പ്രത്യക്ഷപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥൻ… ഇവരുടെയൊക്കെ മാനസികാവസ്ഥകളിലൂടെ വികാസം കൊള്ളുന്ന നോവൽ മനുഷ്യാവസ്ഥകളെ സമ്പൂർണമായി പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുന്ന വലിയൊരു സർഗസൃഷ്ടിയാണ്. പ്രസാധകർ ഡി സി ബുക്സ്. വില 595 രൂപ.