Kerala
അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
42 പവന്‍ സ്വര്‍ണവും 10,000 ത്തോളം രൂപയുമാണ് കവര്‍ന്നത്.
നിലമ്പൂര്‍ | അടച്ചിട്ട വീട് കുത്തിത്തുറന്ന് 42 പവന്‍ സ്വര്‍ണവും 10,000ത്തോളം രൂപയും കവര്‍ന്നു. പൂക്കോട്ടുംപാടം ഗാന്ധിപടി മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്.
അടുക്കള വാതില്‍ പാര ഉപയോഗിച്ച് കുത്തിത്തുറന്ന ശേഷം സ്വര്‍ണം വെച്ചിരുന്ന മേശ തുറന്നാണ് മോഷണം നടത്തിയത്. സ്വര്‍ണവും പണവും കവര്‍ന്ന ശേഷം പാരയും കത്തിയും ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
വീട്ടുടമയുടെ ചെറിയ മകന്റെ നിക്കാഹ് ആയിരുന്നു 26ന്. അതിനു ശേഷം കുടുംബം വയനാട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രി 10.30 യോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴാണ് അടുക്കള വാതിലും മേശയും കുത്തിത്തുറന്ന നിലയില്‍ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലാവുകയായിരുന്നു. പൂക്കോട്ടുംപാടംപോലീസ്അന്വേഷണം ആരംഭിച്ചു.