Kerala
അന്‍പത് രൂപ അധികം ഈടാക്കിയതിന് ഗതാഗത മന്ത്രിക്ക് പരാതി നല്‍കി; ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയില്‍ രൂപമാറ്റം വരുത്തിയതിനും ചേര്‍ത്തായിരുന്നു പിഴയിട്ടത്
കൊച്ചി | ഓട്ടോ യാത്രക്കാരനോട് അമിത പണം ഈടാക്കിയ ഡ്രൈവര്‍ക്ക് വന്‍ പിഴ ചുമത്തി ഗതാഗത വകുപ്പ്. യാത്രക്കാരന്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയതിന് പിറകെയായിരുന്നു നടപടി. പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ പ്രജിത്തിനാണ് മുട്ടന്‍ പണി കിട്ടിയത്. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നല്‍കേണ്ടിവന്നത്.
കഴിഞ്ഞ ദിവസം പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചില്‍ നിന്ന് പാലാരിട്ടത്തേക്ക് പോകാന്‍ പ്രജിത്തിന്റെ ഓട്ടോ വിളിച്ചു. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് 420 രൂപയാണ് ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു യഥാര്‍ഥ ചാര്‍ജ്. തര്‍ക്കത്തിനൊടുവില്‍ 400 രൂപ നല്‍കേണ്ടി വന്നു
പിന്നീട് യാത്രക്കാരന്‍ വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് ഇ മെയില്‍ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിയ്ക്ക് കൈമാറി. പിന്നാലെ പ്രജിത്തിന്റെ വീട്ടില്‍ എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയില്‍ രൂപമാറ്റം വരുത്തിയതിനും ചേര്‍ത്തായിരുന്നു പിഴയിട്ടത്.