Editors Pick
കാണാതായ തവളകള്‍ക്കൊരു സംരക്ഷണ ദിനം
ഒരു കാലത്ത് മഴ വരുമ്പോള്‍ കൂട്ടംകൂട്ടമായി കരഞ്ഞിരുന്ന തവളകള്‍ എവിടെപ്പോയി എന്നാലോചിച്ചിട്ടുണ്ടോ?. മഴയുടെ സംഗീതത്തിനൊപ്പം പലപല ശ്രുതികളില്‍ മുഴങ്ങിയിരുന്ന ആ സംഘഗാനങ്ങളിന്നെവിടെ?.
വേനല്‍മഴ വഴിമാറിയ ഊഷരഭൂമിയിലെ വീട്ടിലിരുന്ന് ഞാന്‍ തവളകളെക്കുറിച്ചാണാലോചിക്കുന്നത്. ഓരോ തവണയും മഴയുടെ വരവറിയിച്ചും മഴ പെയ്തതിന്‍റെ സന്തോഷം പ്രകടിപ്പിച്ചുമയുരുന്ന സംഘ രാഗവിസ്താരങ്ങള്‍ കാതില്‍ മുഴങ്ങുന്നു. വരമ്പുകളിലും ആകാശം പ്രതിഫലിക്കുന്ന വയല്‍വെള്ളത്തിലും ഉണ്ടക്കണ്ണുള്ള തടിയന്മാര്‍ തുറിച്ചു നോക്കുന്നു. അവയുടെ വര്‍ണ്ണവൈവിധ്യം ബാല്യകൗതുകങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ സോപ്പ് പത പോലുള്ള ഉണ്ടകള്‍, വയല്‍ നിറയെ ഈ ഉണ്ടകള്‍ കാണാം. തവള മുട്ടകളാണത്. കുറെ നാള്‍ കഴിയുമ്പോള്‍ കുഞ്ഞുമീനുകള്‍ പോലെ തവളക്കുഞ്ഞുങ്ങള്‍ നീന്തിത്തുടിക്കുന്നു. മനുഷ്യക്കുഞ്ഞുങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അവയ്ക്ക് കൈയും കാലും മുളയ്ക്കുന്നു. പിന്നീട് വാല് മുറിഞ്ഞു ലക്ഷണമൊത്ത തവളക്കുഞ്ഞുങ്ങളായി തങ്ങളുടെ ഉഭയജീവിത്വം തിരിച്ചറിഞ്ഞ് കരയിലേക്കും കരയില്‍ നിന്ന് വെള്ളത്തിലേക്കും കുതിക്കുന്നു. ചാടിക്കളിച്ചും നടന്നും വെള്ളത്തില്‍ നീന്തിയും കരയില്‍ നിന്നും ജലത്തില്‍ നിന്നും ഇര പിടിച്ചും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇതേ സംഘരാഗങ്ങളിലൂടെ ഇണയെ വിളിച്ചും ഇണചേര്‍ന്നും ജീവിതചക്രം പൂര്‍ത്തിയാക്കുന്ന പാവം ജീവികള്‍.
ഒരു കാലത്ത് മഴ വരുമ്പോള്‍ കൂട്ടംകൂട്ടമായി കരഞ്ഞിരുന്ന തവളകള്‍ എവിടെപ്പോയി എന്നാലോചിച്ചിട്ടുണ്ടോ?. മഴയുടെ സംഗീതത്തിനൊപ്പം പലപല ശ്രുതികളില്‍ മുഴങ്ങിയിരുന്ന ആ സംഘഗാനങ്ങളിന്നെവിടെ?. മഴയുടെ ഇടവേളകളില്‍ പെട്രോമാക്സും വലിയ ചാക്കും കത്തിയുമായി തവള പിടിക്കാനിറങ്ങുന്ന സംഘങ്ങളുണ്ടായിരുന്നു. കണ്ണില്‍ച്ചോരയില്ലാതെ കാല് മാത്രം അറുത്തെടുത്ത് അര്‍ദ്ധപ്രാണനോടെ അവയെ ഉപേക്ഷിച്ചിരുന്ന മനുഷ്യര്‍ ,
പിന്നീട് നിയമം ഈ ക്രൂരത നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന കാര്‍ഷികവിപ്ലവ പദ്ധതികള്‍ ഇവയുടെ താമസ സ്ഥലങ്ങളില്‍ രാസവളങ്ങള്‍ നിറച്ചു. പ്രാണികളെ തുരത്താന്‍ പലവിധ കീടനാശിനികള്‍ തളിച്ചു. കീടങ്ങള്‍ക്കൊപ്പം അവയെ തിന്നു ജീവിച്ചിരുന്ന തവളകളും ഇല്ലാതായി. വെള്ളിനിറമുള്ള പരല്‍ മീനുകള്‍ വയലോരത്ത് കൂട്ടമായി മുട്ടയിടുന്ന വയല്‍ചിപ്പിയെന്ന നമച്ചിയും എല്ലാം ഓര്‍മ്മകള്‍ മാത്രമായി.
പരിസ്ഥിതിയുടെ ജീവതാളം നിലനിര്‍ത്തുന്നതിന് ഓരോ ജീവജാലങ്ങളുടേയും പ്രാധാന്യം തിരിച്ചറിഞ്ഞവരാകാം ഏപ്രിൽ 28 തവളകള്‍ക്കായൊരു സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് . ഈ ദിനം കൊണ്ട് എന്തുപ്രയോജനം എന്നു ചോദിക്കുമ്പോഴും ഗൃഹാതുരത്വം തുളുമ്പുന്ന പഴയ പാട്ട് മാത്രം ഓര്‍മ്മയില്‍ ബാക്കിയാവുന്നു..
വയലുകള്‍ , ജലാശയങ്ങള്‍ , കുന്നുകള്‍ , സമതലങ്ങള്‍ എല്ലായിടത്തും മനുഷ്യന്‍ , മനുഷ്യന്‍റെ ക്ഷേമത്തിനായി മാത്രം ആവിഷ്കരിക്കുന്ന പദ്ധതികളാണ് ചുറ്റുമുള്ള ചെറുജീവികളെ ഇല്ലാതാക്കിയത് എന്ന ഒരോര്‍മ്മയെങ്കിലും നമുക്കുണ്ടാകണം എന്നാകട്ടെ ഈ തവള സംരക്ഷണ ദിനത്തിന്‍റെ സന്ദേശം.