Connect with us

Articles

പട്ടിണിക്കാര്‍ നിലവിളിക്കുന്ന രാജ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഉള്ളത് നമ്മുടെ രാജ്യത്താണെന്നുള്ള ഐക്യരാഷ്ട്ര സംഘടനാ റിപോര്‍ട്ട് ജനകോടികളെ വ്യാകുലപ്പെടുത്തുന്ന ഒന്നാണ്. ലോകത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയായി രാജ്യം മാറുകയാണെന്ന് പ്രചാരണം നടത്തുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ വസ്തുതക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കൊടും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും രൂക്ഷമായ വിലക്കയറ്റത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളൊന്നും ഭരണകൂടം കൈക്കൊള്ളുന്നില്ല.

Published

|

Last Updated

ഏത് രാജ്യത്തെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അടിസ്ഥാന കാരണം തൊഴിലില്ലായ്മ തന്നെയാണ്. ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയും പ്രമുഖ സാമ്പത്തിക ഏജന്‍സികളും രാജ്യത്തെ ഭീകരമായ തൊഴിലില്ലായ്മയെ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശാബ്ധ കാലമായി ആധികാരിക രേഖകള്‍ മുന്നില്‍ വെച്ച് പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. മുതലാളിത്ത സമ്പദ് ഘടനയും ആഗോളവത്കരണ നയങ്ങളുമാണ് ഈ നാട്ടിലെ തൊഴിലില്ലായ്മ രൂക്ഷമാക്കിയത് എന്നുള്ള കാര്യം പകല്‍ പോലെ വ്യക്തവുമാണ്. ഈ വസ്തുതകള്‍ സര്‍ക്കാറിന്റെയും ജനങ്ങളുടെയും മുമ്പാകെ ചൂണ്ടിക്കാട്ടിയ പ്രമുഖരായ പല സാമ്പത്തിക വിദഗ്ധരും രാജ്യത്തുണ്ട്. ഇവരില്‍ പലര്‍ക്കും കേന്ദ്ര സര്‍ക്കാറുമായി യോജിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുള്ളതാണ്.

പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുമായിരുന്നു ഒന്നാം മോദി സര്‍ക്കാറിന്റെ വാഗ്ദാനം. അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഈ വാഗ്ദാനം നരേന്ദ്ര മോദി മുതല്‍ പ്രാദേശിക തലങ്ങളിലെ നേതാക്കള്‍ വരെയുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതുമാണ്. എന്നാല്‍ അധികാരം കിട്ടിയതോടെ കോലം മാറി. അതേക്കുറിച്ച് പിന്നീട് അവര്‍ ഒരക്ഷരം മിണ്ടാതെയായി.
140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിക്കും താഴെയാണ്. ഓരോ മാസം കഴിയും തോറും തൊഴിലെടുക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നതായാണ് ചില ആധികാരിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഭീകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായാണ് ദി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സി എം ഐ ഇ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ മുമ്പ് ഒരു കാലത്തും ഉണ്ടാകാത്ത നിലയില്‍ വര്‍ധിക്കുന്നതായി ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) റിപോര്‍ട്ട് പുറത്തുവന്നിരുന്നു. തൊഴില്‍രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും യുവാക്കളാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റു(ഐ എച്ച് ഡി)മായി ചേര്‍ന്ന് ഐ എല്‍ ഒ നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരായ യുവതയുള്ള രാജ്യമായി അങ്ങനെ ഇന്ത്യ മാറുകയാണ്. ഈ രാജ്യത്തെ തൊഴില്‍ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഈ റിപോര്‍ട്ട് എടുത്തുപറയുന്നുണ്ട്.
രാജ്യത്ത് ദാരിദ്ര്യം ഒരു കാലത്തുമില്ലാത്ത നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഒടുവില്‍ പുറത്തുവന്ന റിപോര്‍ട്ടില്‍ എടുത്തുപറയുന്നു. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 100 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്ന് യു എന്‍ െഡവലപ്‌മെന്റ് പ്രോഗ്രാം റിപോര്‍ട്ട് വ്യക്തമാക്കുന്നു. 23.4 കോടി പേര്‍ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യയാണ് പട്ടിണിയില്‍ ഒന്നാമത്. പാകിസ്താന്‍, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍. ലോകത്താകെയുള്ള അതിദരിദ്രരില്‍ പകുതിയും ഈ അഞ്ച് രാജ്യങ്ങളിലാണ്. ഓക്‌സ്ഫഡ് പ്രോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ െഡവലപ്‌മെന്റ് ഇനിഷ്യേറ്റീവുമായി (ഒ പി എച്ച് ഐ) സഹകരിച്ചാണ് യു എന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ലോകത്ത് 18 വയസ്സിന് താഴെയുള്ള 58 കോടി പേരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9 ശതമാനമാണിത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമായിരുന്നു. 127 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂചികയില്‍ ഇന്ത്യ 105ാം സ്ഥാനത്താണ്.
ജനജീവിതം ദുരിതമാക്കുന്ന രൂക്ഷമായ വിലക്കയറ്റം ഇന്ത്യയില്‍ ഒരു വസ്തുതയാണ്. ഇതിനോടൊപ്പമാണ് കേന്ദ്രം ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാകാത്ത ആഗോള പട്ടിണി സൂചികയുടെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സര്‍വേകളിലെ കണ്ടെത്തലുകളാണ് വിവിധ സൂചികകള്‍ തയ്യാറാക്കുന്നതിന് അടിസ്ഥാനമായിട്ടുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരം പഠനങ്ങള്‍ ലോകത്താകെ നടത്തുന്നത്. ഇത്തവണ ഇന്ത്യ 127 രാജ്യങ്ങളുടെ പട്ടികയില്‍ 105ാം റാങ്കിലാണ്. എന്നുമാത്രമല്ല, വിവിധ വിഭാഗങ്ങളെ തരംതിരിച്ചതില്‍ ഗുരുതര വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യക്കൊപ്പം 41 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇതേ വിഭാഗത്തിലാണ്. മറ്റ് അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ട വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2023ല്‍ 125 രാജ്യങ്ങളുടെ പട്ടികയില്‍ 111ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്.

2021ല്‍ 116 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഇന്ത്യക്ക് 101ാം സ്ഥാനമായിരുന്നു. മുന്‍വര്‍ഷം 94ല്‍ ആയിരുന്നതാണ് 101ലേക്ക് താഴ്ന്നത്. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും ചേര്‍ന്ന് തയ്യാറാക്കിയതാണ് 2021ലെ ഈ റിപോര്‍ട്ട്. തൊട്ടടുത്ത വര്‍ഷത്തെ റിപോര്‍ട്ട് പ്രകാരം ബംഗ്ലാദേശ്, പാകിസ്താന്‍, സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാള്‍ പിന്നില്‍ 107ാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് കണക്കാക്കപ്പെട്ടത്.

എന്നാല്‍ തങ്ങള്‍ക്ക് അനുഗുണമല്ലെങ്കില്‍ അത്തരം കണക്കുകളുടെ വിശ്വാസ്യതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കാറുള്ളത്. 2021ലും 2022ലുമൊക്കെ അങ്ങനെ തന്നെയാണ് കേന്ദ്രം ചെയ്തത്. അയല്‍ രാജ്യങ്ങളേക്കാള്‍ മോശം റാങ്ക് ലഭിച്ചതിന് പിന്നാലെയാണ് ആഗോള പട്ടിണി സൂചിക തള്ളുന്ന സമീപനം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റായ വിവരങ്ങളാണ് സൂചികയുടെ മുഖമുദ്രയെന്ന് വിമര്‍ശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപോര്‍ട്ടിനെയും അവര്‍ അംഗീകരിക്കണമെന്നില്ല. ഇത്തരം സാര്‍വ ദേശീയ റിപോര്‍ട്ടുകളെ മറികടക്കുന്നതിന് ഇന്ത്യ സ്വന്തമായി സര്‍വേ നടത്താന്‍ തീരുമാനിച്ച വിവരവും പുറത്തുവന്നിരുന്നു. ഇത്തരം ഏജന്‍സികളെ സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ പാട്‌നയിലും ലഖ്‌നൗവിലും ബി ജെ പിക്കാരുടെയും അവരുടെ സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. മാത്രവുമല്ല, ഈ സ്ഥാപനങ്ങള്‍ക്കാകട്ടെ ഇത് സംബന്ധിച്ച് യാതൊരു മുന്‍പരിചയവും ഇല്ലെന്ന് വെളിപ്പെടുകയുമുണ്ടായി.

രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത്. രൂക്ഷമായ വിലക്കയറ്റവും രാജ്യത്ത് യാഥാര്‍ഥ്യമാണെന്നാണ് ചില്ലറ-മൊത്തവില പണപ്പെരുപ്പ കണക്കുകളും തെളിയിക്കുന്നത്. രാജ്യത്തെ ഇടത്തരക്കാര്‍ക്ക് പോലും ഭക്ഷ്യവസ്തുക്കള്‍ അപ്രാപ്യമാകുകയും മതിയായ അളവില്‍ ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് പട്ടിണിയും ദുരിതവും വര്‍ധിക്കുമ്പോള്‍, നമ്മുടെ രാജ്യം കുറേ മുതലാളിമാരും അവരുടെ പണപ്പെട്ടിക്ക് കാവല്‍ നില്‍ക്കുന്ന ഭരണകൂടവും എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. 144 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ സമൂഹത്തിന്റെ അധ്വാനം മുഴുവന്‍ അതിസമ്പന്നര്‍ കൊള്ളയടിക്കുന്നു. വിദേശനാണ്യ പ്രതിസന്ധിയുടെ മറവില്‍, 1991ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങിവെച്ച “നവ ഉദാര സാമ്പത്തിക നയം’ ബി ജെ പി അതിതീവ്രമായി നടപ്പാക്കി. ഇപ്പോള്‍, രാജ്യത്തിന്റെ വരുമാനവും സ്വത്തും ഒരുപിടി അതിസമ്പന്നരുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഇന്ത്യ അതിഭീകരമായ അസമത്വത്തിന്റെ കൂടാരമായി മാറി. 2024 മാര്‍ച്ച് 18ന് “വേള്‍ഡ് ഇനിക്വാലിറ്റി ലാബ്’ പ്രസിദ്ധീകരിച്ച അസമത്വ റിപോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. 2022ല്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 22.6 ശതമാനവും ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലായി. 1951ല്‍ ഇത് 11.5 ശതമാനമായിരുന്നു. ഇപ്പോള്‍, സ്വത്തിന്റെ 40.10 ശതമാനവും ഇവരുടെ കൈയിലെത്തി. അതിസമ്പന്നരില്‍ തന്നെ 0.1 ശതമാനത്തിന്റെ ദേശീയ വരുമാനത്തിലെ പങ്കാളിത്തം 10 ശതമാനമാണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം 1980 വരെ അസമത്വം കുറഞ്ഞു വരികയായിരുന്നു. എന്നാല്‍, നവ ഉദാര നയം നടപ്പാക്കിയതോടെ അസമത്വം റോക്കറ്റ് വേഗത്തില്‍ കുതിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ 2014-15നും 2022-23നും ഇടയില്‍ സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണമാണ് സംഭവിച്ചത്. 2022ല്‍ ദേശീയ വരുമാനത്തിന്റെ 57.7 ശതമാനവും മുകള്‍ത്തട്ടിലെ 10 ശതമാനം സമ്പന്നരുടെ കൈയിലായി. 1951ല്‍ ഈ പത്ത് ശതമാനത്തിന്റെ കൈയിലുണ്ടായിരുന്നത് 36.7 ശതമാനമായിരുന്നു. ഇതേസമയം, 2022ല്‍ അടിത്തട്ടിലെ 50 ശതമാനം പേരുടെ ദേശീയ വരുമാനത്തിലെ പങ്കാളിത്തം 15 ശതമാനം മാത്രം. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ ദേശീയ വരുമാനത്തിലെ പങ്ക് അമേരിക്കയിലെയും യു കെയിലെയും തോതിനേക്കാൾ കൂടുതലാണ്.

വിണ്ടുകീറിയ വയലേലകളില്‍ കോടിക്കണക്കിന് കൃഷിക്കാര്‍ ഉരുകിത്തീരുമ്പോള്‍, 18 കോടിയോളം പരമദരിദ്രര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുമ്പോള്‍, അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരുടെ കൈകള്‍ അതിസമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ചലിച്ചത്. വാസ്തവത്തില്‍, ഭരണരകൂടം ഇന്ത്യന്‍ ജനതയുടെ ആരാച്ചാര്‍മാരായി. അവര്‍ കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടു. പാവങ്ങളെ പട്ടിണി മരണത്തിന് എറിഞ്ഞുകൊടുത്തു. 2024ലെ ആഗോള വിശപ്പ് സൂചികയും ഇത് വെളിപ്പെടുത്തുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഉള്ളത് നമ്മുടെ രാജ്യത്താണെന്നുള്ള ഐക്യരാഷ്ട്ര സംഘടനാ റിപോര്‍ട്ട് രാജ്യത്തെ ജനകോടികളെ വ്യാകുലപ്പെടുത്തുന്ന ഒന്നാണ്. ലോകത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയായി രാജ്യം മാറുകയാണെന്ന് പ്രചാരണം നടത്തുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ വസ്തുതക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കൊടും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും രൂക്ഷമായ വിലക്കയറ്റത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളൊന്നും ഭരണകൂടം കൈക്കൊള്ളുന്നില്ല. അതിനവര്‍ തയ്യാറാകുമെന്നും തോന്നുന്നില്ല. ഇതിന്റെ ദുരന്തഫലമാണ് നമ്മുടെ രാജ്യം ഇന്ന് അനുഭവിക്കുന്നത്. ഇന്ത്യയിലെ കൊടും പട്ടിണിയെപ്പറ്റിയുള്ള ആധികാരികമായ റിപോര്‍ട്ടുകള്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. പട്ടിണിക്കാരുടെ നിലവിളിയാണ് രാജ്യത്ത് മുഴങ്ങുന്നത്. എന്തായാലും അധികകാലം ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ ഭരണാധികാരികള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest