National
ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു
കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കൃഷ്ണ കമല്‍ദാസ് അറസ്റ്റില്‍
അഗര്‍ത്തല| ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ ദിലീപ് ശുക്ല ദാസ് (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ദിലീപിനെ കൃഷ്ണ കമല്‍ദാസ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവേ പിതാവിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകന് ബിശ്വജിത് ദാസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ ദിലീപ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജന്‍ ദേബ്നാഥ് പറഞ്ഞു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ മൃതദേഹം പൊലീസ് പാര്‍ട്ടി ഓഫീസിലേക്ക് വിട്ടുകൊടുത്തില്ല. ഈ നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു.